ഏഴാം കിരീടത്തില്‍ മുത്തമിട്ട് കേരളം

മഞ്ചേരി: ആവേശം അലകടലായി ആഞ്ഞടിച്ച പയ്യനാട് ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തി കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു.ആവേശകരമായ ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം.

116ാം മിനിറ്റില്‍ മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. 97ാം മിനിറ്റില്‍ ബംഗാള്‍ ആണ് ആദ്യം മുന്നിലെത്തിയത്. എക്സ്ട്രാ ടൈമില്‍ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്.

നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.
തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോളായി.

ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.

Exit mobile version