ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഡോ. ഷംസീർ വയലിൽ; ഒളിംപിക് മെഡൽ നേടിയ മലയാളിക്ക് പ്രവാസലോകത്തിന്റെ സ്‌നേഹസമ്മാനം

pr sreejesh and shamseer_

അബുദാബി: നാല് പതിറ്റാണ്ട് നീണ്ട മെഡൽ വരൾച്ചയ്ക്ക് സമാപനം കുറിച്ച് ഇന്ത്യയുടെ ഹോക്കി ടീം ഒളിംപിക് മെഡൽ നേടിയപ്പോൾ കൈയ്യടികൾ ഒരു മലയാളിക്കും അർഹതപ്പെട്ടതായിരുന്നു. പിആർ ശ്രീജേഷിന്റെ ഗംഭീര സേവുകളാണ് ഇന്ത്യയ്ക്ക് ഒളിംപിക് മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായകമായത്. രാജ്യത്ത് ഹോക്കി താരങ്ങൾക്ക് സമ്മാനപ്പെരുമഴയുടെ പ്രഖ്യാപനം നടക്കുമ്പോൾ മലയാളിയായ പിആർ ശ്രീജേഷിന് പ്രവാസ ലോകത്തുനിന്നും അപ്രതീക്ഷിത സമ്മാനം എത്തിയിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനതാരമായ ശ്രീജേഷിന് അബുദാബി ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത് കെയർ ചെയർമാൻ ഡോ.ഷംസീർ വയലിൽ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു.

വെങ്കലമെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ കരുത്തരായ ജർമ്മനിയെ നാലിനെതിരേ അഞ്ചുഗോളുകൾക്കാണ് തോൽപിച്ചത്. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ശേഷം ഇന്ത്യ ഹോക്കിയിൽ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്. മികച്ച പ്രകടനമാണ് ഇന്ത്യൻ പുരുഷ ടീം ടൂർണമെന്റിൽ ഉടനീളം കാഴ്ചവെച്ചത്.

ജർമ്മനിയെ കീഴടക്കി ഇന്ത്യൻ പുരുഷ ടീം 41 വർഷങ്ങൾക്ക് ശേഷം ടോക്യോയിൽ നിന്നും ഒരു ഒളിമ്പിക് മെഡൽ ഇന്ത്യയിലെത്തിച്ചതോടെ ടീമംഗങ്ങളായ പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി വീതം സമ്മാനം നൽകുമെന്ന് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2.5 കോടിയാണ് ഹരിയാന പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version