ടംബേരിയ്ക്ക് പരിക്കില്ല, ബര്‍ഷിമിന്റെ മഹാമനസ്‌കതയുമല്ല: മെഡല്‍ പങ്കുവച്ച അപൂര്‍വസൗഹൃദത്തിന്റെ കഥ

ടോക്യോ: കായിക ലോകം ആവേശപൂര്‍വം കണ്ണുംനട്ടിരിക്കുന്ന ടോകിയോ ഒളിംപിക്‌സ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മനോഹര മുഹൂര്‍ത്തമാണ് ഒളിംപിക് സ്വര്‍ണം ഒറ്റയ്ക്കു മാറിലണിയാന്‍ ലഭിച്ച സുവര്‍ണാവസരം വേണ്ടെന്നുവെച്ച്, അതുവരെയും എതിരാളിയായി പൊരുതിയ കൂട്ടുകാരനുമായി പങ്കുവെക്കാന്‍ അയാള്‍ തീരുമാനിച്ച ആ നിമിഷം. ഈ കഥയിലെ രാജകുമാരന്മാരാണ് ഖത്തറിന്റെ മുതസ് ഈസ ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടംബേരിയും.

ജിയാന്‍മാര്‍കോ ടംബേരിക്ക് പരുക്കേറ്റതുകൊണ്ടോ, ഖത്തര്‍താരത്തിന്റെ മഹാമനസ്‌കതകൊണ്ടോ അല്ല ടോക്കിയോ ഒളിംപിക്‌സ് ഹൈജംപില്‍ ഇരുവര്‍ക്കും സ്വര്‍ണം ലഭിച്ചത്. ടംബേരിക്ക് പരുക്കേറ്റതിനാല്‍ സ്വര്‍ണം പങ്കുവയ്ക്കുകയായിരുന്നു എന്ന തെറ്റായ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്, അത് ഖത്തര്‍താരം മുഅത്തസ് ബര്‍ഷിമിന്റെ മഹാമനസ്‌കത എന്നപേരിലും പ്രചരിപ്പിച്ചവര്‍ അറിയുക അവരുടെ അപൂര്‍വസൗഹൃദത്തിന്റെ കഥ. ഏതെങ്കിലും ഒരുതാരത്തിന്റെ നിര്‍ദേശം കേട്ടുകൊണ്ടുമാത്രം മെഡല്‍ പങ്കുവയ്ക്കാനുള്ള അധികാരം റഫറിക്കോ, അങ്ങനെയൊരു നിയമം അത്്ലറ്റിക്‌സിലോ ഇല്ല.

ഞായറാഴ്ചയായിരുന്നു ഗ്ലാമര്‍ ഇനമായ ഹൈജംപില്‍ മെഡല്‍ ജേതാക്കളെ കണ്ടെത്താനുള്ള ഫൈനല്‍ പോരാട്ടം. ആദ്യ ചാട്ടങ്ങളില്‍ തന്നെ ലക്ഷ്യം നേടി ബര്‍ശിമും ടംബേരിയും 2.37 മീറ്റര്‍ ദൂരം പൂര്‍ത്തിയാക്കുന്നു. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ് ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു. ഇനി ഒറ്റത്തവണ കൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന് റഫറി വന്ന് പറയുന്നു. ഇരുവരെയും വിളിച്ച് ചാട്ടത്തിനൊരുങ്ങാന്‍ പറഞ്ഞ അദ്ദേഹത്തോട് ബര്‍ഷിമിന്റെ ചോദ്യം- ”ആ സ്വര്‍ണം ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ പങ്കിട്ടുകൂടെ’ തീര്‍ച്ചയായുമെന്നായിരുന്നു മറുപടി.

പിന്നെ മൈതാനം സാക്ഷിയായത് ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങള്‍ക്ക്. കാലില്‍ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക് സ്വര്‍ണം സമ്മാനിച്ച ബര്‍ഷിമിനൊപ്പം ആഹ്ലാദ നൃത്തം ചവിട്ടി. ഇരുവരും മൈതാനം വലം വെച്ചു. 2012നു ശേഷം ആദ്യമായിട്ടായിരുന്നു അത്‌ലറ്റിക്‌സില്‍ ഒളിംപിക് സ്വര്‍ണം രണ്ടുപേര്‍ വീതംവെച്ചെടുക്കുന്നത്.’ഞാന്‍ അവനെ നോക്കുന്നു. അവന്‍ എന്നെയും. ആ നോട്ടംമതി ഞങ്ങള്‍ക്ക്. എല്ലാം അറിയാനാകും” – ബര്‍ഷിമിന്റെ പ്രതികരണത്തില്‍ എല്ലാമുണ്ട്.”

അവന്‍ എന്റെ ഉറ്റ ചങ്ങാതിയാണ്. ട്രാക്കിലും പുറത്തും. ഒന്നിച്ചായിരുന്നു ഞങ്ങളുടെ പരിശീലനം. സ്വപ്നം സാക്ഷാത്കൃതമാകുന്ന മുഹൂര്‍ത്തമാണിത്. അത് ഞങ്ങളിവിടെ പങ്കുവെക്കുന്നു”- ബര്‍ഷിം പറയുന്നു.

കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്ന് കരുതിയിരുന്ന പരിക്കില്‍നിന്ന് മോചിതനായെത്തിയപ്പോള്‍ ഫോമില്ലായ്മയുടെ നിലയില്ലാക്കയത്തിലേക്കു വീണ ടംബേരിയെ കൈപിടിച്ചുകയറ്റിയത് ബര്‍ഷിമായിരുന്നു. 2016 റിയോ ഒളിമ്പിക്‌സിനായി ഒരുങ്ങുന്നതിനിടെയാണ് ടംബേരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

മോണകോയില്‍ ഒരു മീറ്റിനിടെ തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കോഡ് 2.41 മീറ്ററാക്കി തിരുത്താനുള്ള ശ്രമത്തില്‍ ഉയര്‍ന്നുചാടിയ ടംബേരി പക്ഷേ വീണത് ജംപിങ് പിറ്റിലേക്കല്ല. ചാട്ടം പിഴച്ച് നിലത്തുവീണ താരത്തിന്റെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റു. കുട്ടികളെപ്പോലെ അലറിക്കരഞ്ഞ ടംബേരിയെ സ്ട്രച്ചറിലേക്ക് മാറ്റിയതുപോലും ഏറെ പണിപ്പെട്ടാണ്.

പരിക്കുമാറി അടുത്ത വര്‍ഷം മടങ്ങിയെത്തിയെങ്കിലും ടംബേരിക്ക് ഒന്നും ശരിയായില്ല. പങ്കെടുക്കുന്ന മത്സരങ്ങളിലെല്ലാം മോശം പ്രകടനങ്ങള്‍. മനംമടുത്ത താരം മത്സരശേഷം ഹോട്ടല്‍മുറിയില്‍ അടച്ചിരിക്കല്‍ പതിവായി. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു ദിവസം വാതിലില്‍ മുട്ടുകേട്ടു.

ടംബേരി തന്നെ പറയുന്നു-”അത് ബര്‍ഷിമായിരുന്നു. എന്നോട് സംസാരിക്കണമെന്നു പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അവന്‍ പറഞ്ഞു. ജിംബോ, എനിക്ക് സംസാരിക്കണം. ഞാന്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ സമ്മതിക്കേണ്ടിവന്നു. ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ അവന്റെ മുന്നില്‍ കരഞ്ഞു. അവന്‍ എന്നെ ശാന്തനാക്കി. അവന്‍ പറഞ്ഞു, നീ തിരക്ക് കൂട്ടരുത്. ഇത്രയും വലിയ പരിക്കിനുശേഷം തിരിച്ചുവന്നതുതന്നെ വലിയ കാര്യമാണ്. സാവധാനം നിനക്ക് മികച്ച പ്രകടനം നടത്താനാവും.”

ബര്‍ഷിമിന്റെ വാക്കുകള്‍ തനിക്ക് വലിയ ആശ്വാസവും പ്രചോദനവുമായിരുന്നുവെന്ന് ടംബേരി പറയുന്നു. തൊട്ടുപിറകെ നടന്ന ബുഡപെസ്റ്റ് മീറ്റില്‍ പ്രകടനം മെച്ചപ്പെടുത്താനായതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ടോക്യോ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ കണ്ടത്.

സ്വര്‍ണം പങ്കുവെക്കാന്‍ ഇരുവരും തീരുമാനിച്ചതോടെ ടംബേരിയുടെ ആഘോഷം നാടകീയമായിരുന്നു. ബര്‍ഷിമിന്റെ ദേഹത്ത് ചാടിക്കയറി ആഹ്ലാദം പങ്കിട്ടശേഷം ഗ്രൗണ്ടില്‍ കിടന്ന് ഉരുണ്ടുമറിഞ്ഞ ടംബേരിയുടെ ആഘോഷത്തില്‍ മുഴുവന്‍ കടന്നുവന്ന വേദനയുടെയും അതിജീവനത്തിന്റെയും പ്രതിഫലനങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലോകത്തെ മികച്ച ഹൈജംപര്‍മാരില്‍ ഒരാളായ ബര്‍ഷിം 2012 ലണ്ടനില്‍ വെങ്കലവും 2016 റിയോയില്‍ വെള്ളിയും നേടിയിരുന്നു. ഇത്തവണ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും മതിയാവുമായിരുന്നില്ല 30കാരനായ ഖത്തര്‍ ഇതിഹാസത്തിന്. അതിനാല്‍ തന്നെ തന്റെ അടുത്ത സുഹൃത്തുകൂടിയായ ടംബേരിക്കൊപ്പം സ്വര്‍ണം പങ്കുവെക്കുന്ന സാഹചര്യം വന്നപ്പോള്‍ ബര്‍ഷിമിന് ഒരു നിമിഷംപോലും അമാന്തിക്കേണ്ടിവന്നുമില്ല.

രണ്ടു പേരും ഉയരത്തിലും അത് മറികടക്കാന്‍ എടുത്ത അവസരങ്ങളിലും തുല്യനിലയിലാണെന്നും ഇനി വണ്‍ ഓഫ് ഷൂട്ടൗട്ട് ഓപ്ഷന്‍ ആണ് ഉള്ളതെന്നും റഫറി അറിയിച്ചപ്പോള്‍ ‘ഞങ്ങള്‍ക്ക് സ്വര്‍ണം പങ്കുവെക്കാമോ’ എന്ന് ചോദിച്ചത് ബര്‍ഷിമാണ്. നിയമപ്രകാരം അത് സാധ്യമാണെന്നതിനാല്‍ റഫറി അത് സമ്മതിക്കുകയും ചെയ്തു. പിന്നെയുള്ളത് ചരിത്രം.

Exit mobile version