‘കരയുന്നത് നിര്‍ത്തൂ, രാജ്യം നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’: വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ‘ദയവ് ചെയ്ത് കരയുന്നത് നിര്‍ത്തൂ. എനിക്കത് കേള്‍ക്കാം. രാജ്യം മുഴുവന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയാണ്’ വെങ്കല മെഡലിനായുളള പോരാട്ടത്തില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

‘ദയവ് ചെയ്ത് കരയുന്നത് നിര്‍ത്തൂ. എനിക്കത് കേള്‍ക്കാം. രാജ്യം മുഴുവന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയാണ്. ഇന്ത്യന്‍ ഹോക്കിയെക്കുറിച്ച് നാളുകള്‍ക്ക് ശേഷം ആളുകള്‍ പറയാന്‍ കാരണം നിങ്ങളാണ്’ പ്രധാനമന്ത്രി പറഞ്ഞു.

സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേറിയ മത്സരമായിരുന്നു ഇന്നത്തേത്. ഗ്രേറ്റ് ബ്രിട്ടനോട് ശക്തമായ മത്സരം കാഴ്ചവെച്ച ഇന്ത്യ 4-3 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. 2016ലെ റിയോ ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളായിരുന്നു ബ്രിട്ടണ്‍.

‘നിങ്ങളുടെ അധ്വാനം രാജ്യത്തിന് മെഡല്‍ കൊണ്ടുവന്നില്ലായിരിക്കും. എന്നാല്‍ കോടിക്കണക്കിന് ഇന്ത്യന്‍ യുവതികള്‍ക്ക് ഇത് വലിയ പ്രചോദനമാണ്. ഈ പ്രകടനത്തിന് കളിക്കാരെയും കോച്ചിനെയും ഞാന്‍ അഭിനന്ദിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

കണ്ണിന് മുകളിലായി പരിക്കേറ്റ് നാല് സ്റ്റിച്ചിടേണ്ടി വന്ന നവ്‌നീത് കൗര്‍, വന്ദന, സവിത, ക്യാപ്റ്റന്‍ റാണി റാംപാല്‍ എന്നിവരെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. എല്ലാ കളിക്കാര്‍ക്കും ധാരാളം കഴിവുണ്ടെന്ന് ട്വീറ്റിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version