അജയ്യരായി അഞ്ചാം കിരീടം ചൂടി മുംബൈ

ദുബായ്: ഐപിഎൽ 2020 കലാശപ്പോരിൽ എതിരാളികളില്ലാതെ അജയ്യരായി മുംബൈ. കന്നികിരീടം ലക്ഷ്യമിട്ടിറങ്ങിയ ഡൽഹിയെ 5 വിക്കറ്റിന് തകർത്താണ് മുംബൈ ഐ പി എൽ ടൂർണമെന്റിൽ അഞ്ചാം തമ്പുരാക്കന്മാരായത്.

അർദ്ധ സെഞ്ചുറി മികവോടെ ക്യാപ്റ്റൻ രോഹിത് ശർമ്മ(68) മുന്നിൽ നിന്നും നയിച്ചതോടെയാണ് ഡൽഹി ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം മുംബൈ അനായാസം മറികടന്നത്.

ഡൽഹിയുടെ ബൗളർമാർ മാറി മാറി എറിഞ്ഞിട്ടും മുംബൈയെ പിടിച്ചു കെട്ടാനായില്ല.

ഡികോക്ക് (20), സൂര്യകുമാർ യാദവ് (19) ഇഷാൻ കിഷൻ (32), പൊള്ളാർഡ് (9) എന്നിവരാണ് മറ്റു റൺ വേട്ടക്കാർ. ഹർദിക് 3 റൺസ് എടുത്ത പുറത്തായതോടെ കൃണാൽ എത്തിയാണ് വിജയ റൺ നേടിയത്. വാലറ്റത്തെ എറിഞ്ഞിടാൻ ശ്രമിച്ച ഡൽഹി ബൗളർമാർ കുറച്ചു നേരത്തെ ഉണർന്നു കളിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ. ഡെൽഹിക്കായി 25 റൺസ് വഴങ്ങി നോർജ്ജ് 2 വിക്കറ്റും 32 റൺസ് വിട്ടുകൊടുത്തു റബാഡയും 21 റൺസ് വഴങ്ങി സ്റ്റോയ്‌നിസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹിക്ക് മോശപ്പെട്ട തുടക്കമാണ് ലഭിച്ചത്. കാലുറപ്പിക്കും മുമ്പെ സ്‌റ്റോയിനിസിനെ നഷ്ടപ്പെടുകയും തുടർന്ന് വന്ന പേരുകേട്ട ബാറ്റിങ് നിര നിരാശപ്പെടുത്തുകയും ചെയ്തതോടെ ഡൽഹി ആരാധകരുടെ നെഞ്ചിടിപ്പ് വർധിച്ചിരുന്നു.

എന്നാൽ നായകന്റെ കർത്തവ്യം ഏറ്റെടുത്ത് ശ്രേയസ് അയ്യർ ഉണർന്നു കളിച്ചു ഇത്രനാളും പഴികേട്ട റിഷഭ് പന്തിനെ കൂട്ടുപിടിച്ച് പിടിച്ചുനിന്നതോടെ ഡൽഹിക്ക് മാന്യമായ സ്‌കോർ കൈവരുകയായിരുന്നു.ക്യാപ്റ്റൻ ശ്രേയസ് അയ്യരും (65*) പന്തും (56) അർധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡൽഹിക്കായി രക്ഷാപ്രവർത്തനം നടത്തിയത്. ഈ പോരാട്ട മികവിൽ മുംബൈ ഇന്ത്യൻസിന് ബാറ്റേന്താൻ 157റൺസെന്ന വിജയലക്ഷ്യം സമ്മാനിച്ചാണ് ഡൽഹി പിന്നീട് ബൗളിങിന് ഇറങ്ങിയത്.

20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ് 156 റൺസ് എടുത്തത്. മാർക്കസ് സ്‌റ്റോയിൻസിനെ (0) ആദ്യ പന്തിൽ തന്നെ നഷ്ടപ്പെട്ടായിരുന്നു ഡൽഹിയുടെ തുടക്കം. ബോൾട്ട് എറിഞ്ഞ പന്തിൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ച സ്‌റ്റോയിൻസിന്റെ സകല കണക്കുകൂട്ടലും തെറ്റിച്ച് പന്ത് ബാറ്റിൽ ഉരസി നേരെ ഡികോക്കിന്റെ ഗ്ലൗവിൽ കയറിക്കൂടുകയായിരുന്നു. തൊട്ടടുത്തതായി എറിയാനെത്തിയ ഓവറിൽ അജിൻക്യ രഹാനെയെ(2)യും പുറത്താക്കി ബോൾട്ട് കരുത്തുകാട്ടി.

പിടിച്ചു നിൽക്കാൻ ശ്രമിച്ച ശിഖർ ധവാനെ(15) ജയന്ത് യാദവും പുറത്താക്കി. ഇതോടെ കൂട്ടത്തകർച്ച മുന്നിൽ കണ്ട് പകച്ചുപോയ ഡൽഹിയെ അയ്യരും പന്തും ചേർന്നാണ് രക്ഷിച്ചെടുത്തത്. 96റൺസിന്റെ പാട്ണർഷിപ്പാണ് ഇരുവരും ഒരുക്കിയത്. പന്തിനെ(56) കോൾട്ടർ നീലാണ് പുറത്താക്കിയത്. അവസാന സമയത്ത് കൂറ്റനടിക്ക് എത്തിയ ഹെറ്റ്‌മെയറെ (5) ബോൾട്ട് പറഞ്ഞച്ചു. അക്‌സർ പട്ടേലിനും (9), റബാഡക്കും(0) പിന്നീട് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വിക്കറ്റെടുത്തില്ലെങ്കിലും ഡെത്ത് ഓവറിൽ റൺസ് അടിച്ചുകൂട്ടാൻ ശ്രമിച്ചവർക്ക് ബൂംറ പാരപണിയുകയായിരുന്നു.

Exit mobile version