കൊച്ചി വിട്ട് കോഴിക്കോട്ടേക്കില്ല; ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കലൂർ സ്‌റ്റേഡിയം തന്നെ

കൊച്ചി: ഐഎസ്എല്ലിലെ കേരളത്തിൽ നിന്നുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടി കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറ്റില്ല. നേരത്തെ ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തെ ഹോം ഗ്രൗണ്ടായി തെരഞ്ഞെടുക്കാൻ ആലോചിച്ചിരുന്നു. എന്നാൽ കോഴിക്കോട് പരിശീലനസൗഹൃദമത്സരങ്ങൾ നടത്താനാണ് ഇപ്പോൾ നീക്കം. നിലവിൽ ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് ഇഎംഎസ് സ്റ്റേഡിയം.

ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ സ്റ്റേഡിയം തന്നെ ഇനിയും ഹോം ഗ്രൗണ്ടായി തുടരും. അതേസമയം കലൂർ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.

കലൂർ സ്റ്റേഡിയത്തിൽ ഐഎസ്എൽ ആരംഭിച്ചതിന് ശേഷം ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾ കൂടി നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ജിസിഡിഎയ്ക്ക് കത്ത് നൽകിയത്. ഐഎസ്എൽ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അനുവദിക്കണമെന്നാണ് കെസിഎ പ്രസിഡന്റ് സാജൻ വർഗീസ് അറിയിച്ചത്.

Exit mobile version