പിവി സിന്ധു ഹൃദയമില്ലാത്തവൾ; ഗുരുതര രോഗം ബാധിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; ആരോപണവുമായി മുൻപരിശീലക; മറുപടിയുമായി പിതാവ്

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധുവിന് ലോക ചാംമ്പ്യനാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച പരിശീലക താരത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. ദക്ഷിണകൊറിയൻ പരിശീലക കിം ജി ഹ്യുൻ ആണ് ഒരു കൊറിയൻ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പിവി സിന്ധുവിനെ ‘ഹൃദയമില്ലാത്തവൾ’ എന്ന് വിളിച്ച് ആക്ഷേപിച്ചത്. അസുഖം ഗുതരമായതിനെ തുടർന്ന് രാജിവച്ചു നാട്ടിലേക്കു തിരിച്ചപ്പോൾ പരിശീലനത്തിന് എന്നു തിരിച്ചുവരുമെന്നു മാത്രമായിരുന്നു സിന്ധുവിന് അറിയാനുണ്ടായിരുന്നതെന്നും കിം ആരോപിച്ചു.

അതേസമയം, കിമ്മിന്റെ ആരോപണങ്ങളെ തള്ളി സിന്ധുവിന്റെ പിതാവ് രമണ രംഗത്തെത്തി. കിമ്മിന്റെ രോഗത്തെക്കുറിച്ച് സിന്ധുവിന് അറിയില്ലെന്നായിരുന്നു രമണയുടെ മറുപടി. കിമ്മിന് അസുഖമാണെന്നും എങ്ങനെയുണ്ടെന്നും ആരും സിന്ധുവിനോടു പറഞ്ഞില്ല. കിം പരിശീലനത്തിന് എത്താതിരുന്നതോടെയാണ് സിന്ധു അവരെ വിളിച്ച് എന്നു തിരികെ വരാൻ സാധിക്കുമെന്നു ചോദിച്ചത്. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചു സിന്ധുവിന് അറിയില്ലായിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞാൽ സിന്ധു ആശുപത്രിയിലെത്തില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?- എന്നും രമണ ചോദിച്ചു.

കൂടാതെ ലോക ചാമ്പ്യൻഷിപ്പ് നേടിയതിന്റെ ക്രെഡിറ്റ് കിമ്മിന് സിന്ധു നൽകിയത് അവർ മറന്നുവെന്നും രമണ പറഞ്ഞു. ഈ വർഷം മാർച്ചിന്റെ പകുതിയോടെയാണ് കിം സിന്ധുവിനൊപ്പം ചേർന്നത്. ഓഗസ്റ്റ് വരെ തുടർന്നു. ലോക ചാംപ്യൻഷിപ്പിന് ഒരാഴ്ച മുൻപ് കിമ്മിന് പരിശീലനത്തിനു വരാൻ കഴിഞ്ഞില്ല. തുടർന്ന് പുല്ലേല ഗോപീചന്ദിനൊപ്പമാണ് സിന്ധു പരിശീലിച്ചത്. എന്നാൽ വിജയത്തിനു ശേഷം കിമ്മിന്റെ സംഭാവനകളെക്കുറിച്ചു എഠുത്തുപറയാൻ സിന്ധു മറന്നില്ല. ഇങ്ങനെയൊരു കാര്യം നടന്നതിൽ ഏറെ സങ്കടമുണ്ടെന്നും രമണ പറഞ്ഞു.

Exit mobile version