പാതി തളർത്തിയ ശരീരം കരുത്താക്കി സിദ്ധാർത്ഥ ബാബു വെടിവെച്ചിട്ടത് നിരവധി സ്വർണ്ണമെഡലുകൾ; ഇനി യാത്ര 2020 പാരാലിമ്പിക്‌സിലേക്ക്

തിരുവനന്തപുരം: ഇരുപത്തിരണ്ടാം വയസിൽ സംഭവിച്ച ഒരു ബൈക്ക് ആക്‌സിഡന്റ് പാതി ശരീരത്തെ തളർത്തിയിട്ടും മനക്കരുത്ത് കൊണ്ട് വിജയങ്ങൾ കൊയ്‌തെടുത്ത് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ ബാബു. റൈഫിൾ ഷൂട്ടറായ സിദ്ധാർത്ഥ 2020ലെ ടോക്യോ പാരാലിമ്പിക്‌സിൽ പങ്കെടുക്കാനുള്ള യോഗ്യതയും സ്വന്തമാക്കിയാണ് കായികപ്രേമികളെ അമ്പരപ്പിച്ചത്. ഷൂട്ടിങ് റേഞ്ചിൽ നിന്നും വിജയങ്ങൾ വെടിവെച്ചിടുന്നത് സിദ്ധാർത്ഥയ്ക്ക് പുത്തരിയില്ല.

തന്റെ വൈകല്യത്തെ കരുത്താക്കി മാറ്റി 50 മീറ്റർ സീനിയർ പ്രോൺ കാറ്റഗറി റൈഫിൾ മിക്‌സഡ് പാരാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയതാണ് സിദ്ധാർത്ഥയുടെ ഏറ്റവും ഒടുവിലത്തെ നേട്ടം. വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നടന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലായിരുന്നു സിദ്ധാർത്ഥയുടെ റെക്കോർഡ് പ്രകടനം. തന്റെ തന്നെ പഴയ റെക്കോർഡാണ് തകർത്തതെന്ന് മാത്രം. മാർച്ചിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിലും സിദ്ധാർത്ഥ പങ്കെടുക്കുന്നുണ്ട്.

2019 ഒക്ടോബറിൽ സിഡ്‌നിയിൽ വെച്ച് നടന്ന വേൾഡ് ഷൂട്ടിങ് പാരാ സ്‌പോർട് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ചതാണ് സിദ്ധാർത്ഥയ്ക്ക് ടോക്യോ പാരാലിമ്പിക്‌സിലേക്കുള്ള വഴിതുറന്നത്. മിക്‌സഡ് 50 മീറ്റർ റൈഫിൾ പ്രോൺ എസ്എച്ച്‌ഐ വിഭാഗത്തിൽ 617.6 പോയിന്റ്‌സ് വെടിവെച്ചിട്ട സിദ്ധാർത്ഥ ആറാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.

‘ഈയൊരു നിമിഷത്തിനായാണ് ഞാനിത്ര വർഷവും കാത്തിരുന്നത്. എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ ഇതായിരുന്നു എന്റെ തുടക്കം മുതലുള്ള ലക്ഷ്യം. ഏറെ അഭിമാനം തോന്നുന്നുണ്ട് പാരാലിമ്പിക്‌സിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായതിൽ. പിന്തുണച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. പ്രത്യേകിച്ച് കേരള സർക്കാരിനോട്’- പാരാലിമ്പിക്‌സിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ സിദ്ധാർത്ഥ ആവേശത്തോടെ പ്രതികരിച്ചതിങ്ങനെ.

ഷൂട്ടിങ് പരിശീലനത്തിന്റെ ആവശ്യങ്ങൾക്കായി തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ ഇപ്പോൾ ബംഗളൂരുവിലാണ് താമസിക്കുന്നത്. ലക്ഷ്യത്തിലേക്ക് മാത്രം കണ്ണയച്ച് നേട്ടങ്ങൾക്കായി കഠിനധ്വാനം ചെയ്യുന്ന ഈ യുവാവ് ഏഴ് മുതൽ എട്ട് മണിക്കൂർ വരെയൊക്കെയാണ് ഷൂട്ടിങ് റേഞ്ചിൽ പരിശീലനത്തിനായി ചെലവഴിക്കുന്നത്. ഏഴ് വർഷം പഴക്കമുള്ള പഴയ റൈഫിളാണ് കൈവശമുള്ളത് എന്നതുകൊണ്ടു തന്നെ ആധുനിക സംവിധാനങ്ങളുള്ള റൈഫിളുകളുമായി എത്തുന്നവരോട് ഏറ്റുമുട്ടാൻ സിദ്ധാർത്ഥയ്ക്ക് ഏറെ പരിശീലനം ആവശ്യമായി വരാറുമുണ്ട്.

ഇത്രയേറെ പ്രതിഭാധനനായ സിദ്ധാർത്ഥയ്ക്ക് തന്റെ തന്റെ പഴയ ഷൂട്ടിങ് ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങിക്കണമെന്ന ആഗ്രഹമുണ്ട്. റൈഫിൾ ഏറെ പഴയതായി. ഇതു അപ്‌ഗ്രേഡ് ചെയ്യുന്നതിനായി പുതിയ ഒരെണ്ണത്തിനായി ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ് സിദ്ധാർത്ഥ. തന്നെ മുമ്പ് രണ്ടാഴ്ചക്കാലം പരിശീലിപ്പിച്ച വിദേശ കോച്ച് ബെലാറസിലെ സെർജി മാർട്ടിനോവിന്റെ അടുത്തേക്ക് പോയി ടോക്യോ പാരാലിമ്പിക്‌സിനായി തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന ആഗ്രഹവും ഈ ഷൂട്ടർ ഉള്ളിൽ കൊണ്ടുനടക്കുന്നുണ്ട്. സെർജിയോ മാർട്ടിനോവ് നിരവധി തവണ ഒളിമ്പിക് ചാമ്പ്യനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൂടെ രണ്ടാഴ്ചക്കാലം പരിശീലനം നേടാനായത് ഭാഗ്യമായി കരുതുന്നെന്നാണ് സിദ്ധാർത്ഥ പറയുന്നത്. ഇത്തവണ അദ്ദേഹത്തോടൊപ്പം ഒരുമാസമോ രണ്ടു മാസമോ നീണ്ട പരിശീലനം നടത്തണമെന്നാണ് സിദ്ധാർത്ഥയുടെ ആഗ്രഹം.

2017 പാരാഷൂട്ടിങ് ലോകകപ്പിൽ വെങ്കല മെഡൽ നേടിയാണ് സിദ്ധാർത്ഥ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായത്. 2014 മുതൽ 50 മീറ്റർ പ്രോൺ റൈഫിൾ പാരാവിഭാഗത്തിലെ ദേശീയ റെക്കോർഡ് സിദ്ധാർത്ഥയുടെ പേരിലാണ്. 2017ലും 2018ലും സിദ്ധാർത്ഥ തന്നെ ഈ റെക്കോർഡുകൾ പുതുക്കി. ദക്ഷിണേന്ത്യൻ 50 മീറ്റർ പ്രോൺ റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻ കൂടിയാണ് സിദ്ധാർത്ഥ. അതും വൈകല്യങ്ങളില്ലാത്ത സാധാരണ ഷൂട്ടർമാരോട് മത്സരിച്ച് നേടിയ പട്ടമായതിനാൽ തന്നെ നേട്ടത്തിന് ഇരട്ടിമധുരമാണ്. 50 മീറ്റർ പ്രോൺ റൈഫിൾ ഷൂട്ടിങ് വിഭാഗത്തിലെ സംസ്ഥാന ചാമ്പ്യനും ഗോൾഡ് മെഡലിസ്റ്റുമാണ് സിദ്ധാർത്ഥ.

നേട്ടങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. പാരാലിമ്പിക്‌സ് മെഡലാണ് അടുത്ത ലക്ഷ്യം. പഠനത്തിലും മിടുക്കനായ സിദ്ധാർത്ഥ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്നും എംസിഎയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

അതേസമയം, നേട്ടങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ഈ താരം പാരാലിമ്പിക്‌സിൽ പങ്കെടുക്കാനായി സ്‌പോൺസർഷിപ്പിനായി കാത്തിരിക്കുകയാണ്. പരിശീലനത്തിനായി ലക്ഷങ്ങൾ ചെലവുവരുന്നതിനാൽ സാമ്പത്തികമായ പിന്തുണ താരം ആഗ്രഹിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി അലട്ടാതെ ആത്മവിശ്വാസത്തോടെ പൊരുതാൻ ഒരു സ്‌പോൺസറെ കണ്ടെത്തേണ്ടതും അത്യാവശ്യമാണ്. 40 ലക്ഷത്തോളം രൂപയാണ് പരിശീലനത്തിനും യാത്രയ്ക്കുമായി ആവശ്യം വരിക. സംസ്ഥാന കായികവകുപ്പ് ഇടപെട്ട് 10 ലക്ഷം അനുവദിച്ചിട്ടുണ്ട്. ബാക്കി തുകയായ 30 ലക്ഷം കണ്ടെത്താനുള്ള ശ്രമത്തിലാണ് സിദ്ധാർത്ഥ് ഇപ്പോൾ. വിദേശത്തും സ്വദേശത്തും മത്സരങ്ങൾക്കായി പോകാനും, മികച്ച പരിശീലനത്തിനും ഉപകരണങ്ങൾ വാങ്ങിക്കാനും, സാധാരണ ദിവസങ്ങളിലെ ജിമ്മിലെ പരിശീലനത്തിനും ഭക്ഷണ ക്രമീകരണത്തിനും ഉൾപ്പടെ വലിയ പണചെലവാണ് ഷൂട്ടിങ് താരത്തിന് നേരിടേണ്ടി വരുന്നത്.

സ്‌പോൺസർമാരില്ലാതെ മുന്നോട്ടുള്ള പരിശീലനവും വിദേശയാത്രയും കഠിനമാകും. അതിനാൽ കൂടുതൽ സർക്കാർ സഹായത്തിനും സിദ്ധാർത്ഥ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് സിദ്ധാർത്ഥ ബാബുവിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ:+919048894622

Exit mobile version