മലയാളികളുള്‍പ്പടെ 17 പേരുടെ ജീവനെടുത്ത ദുബായ് ബസ് അപകടം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 37 ലക്ഷം നഷ്ടപരിഹാരം, ഡ്രൈവര്‍ക്ക് തടവ്; യുഎഇ കോടതി വിധി

ദുബായ്: ദുബായില്‍ ഏഴ് മലയാളികള്‍ ഉള്‍പ്പടെ, 17 പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തില്‍ യുഎഇ കോടതി ശിക്ഷ വിധിച്ച് ഉത്തരവിട്ടു. ബസ് ഓടിച്ചിരുന്ന 53 കാരനായ ഒമാന്‍ സ്വദേശി പൗരന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയും മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കാനും കോടതി ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തും.

അതേസമയം, ബസ് അപകടത്തിന് കാരണം തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ തെറ്റായ പ്രവൃത്തി അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് ഒമാനിയായ ഡ്രൈവര്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ജൂണ്‍ ആറിനാണ് ഏഴ് മലയാളികള്‍ ഉള്‍പ്പടെ, 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടം നടന്നത്. പെരുന്നാള്‍ അവധിക്ക് ഒമാന്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന 30 പേരായിരുന്നു മുവസലാത്തിന്റെ ബസിലുണ്ടായിരുന്നത്. ദുബായിലെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റില്‍ ട്രാഫിക് സൈന്‍ ബാരിയറിലേയ്ക്ക് ബസ് ഇടിച്ചു കയറിയായിരുന്നു അപകടം. 15 പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ഇവരില്‍ എട്ടു മലയാളികളടക്കം 12 പേര്‍ ഇന്ത്യക്കാരായിരുന്നു.

ജിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച ഇരുമ്പ് തൂണാണ് അപകടം വരുത്തിവെച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വ്യാഴാഴ്ച രാവിലെ ശിക്ഷ വിധിക്കുകയായിരുന്നു.

രണ്ടുപേര്‍ മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണ്. ദുബായിലെ സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, തിരുവനന്തപുരം സ്വദേശി ഒമാനില്‍ അക്കൗണ്ടന്റ് ആയ ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി വാസുദേവന്‍, തലശ്ശേരി സ്വദേശികളായ ഉമ്മര്‍ (65) ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ (25), തൃശ്ശൂര്‍ സ്വദേശി കിരണ്‍ ജോണ്‍, കോട്ടയം പാമ്പാടി, സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതിയ പുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

Exit mobile version