ദുബായിയെ ആഘോഷത്തിലാറാടിച്ച് രാജകീയ വിവാഹാഘോഷം; ആശംസകളുമായി യൂസഫലിയും ആസാദ് മൂപ്പനും ഉള്‍പ്പടെയുള്ള പ്രമുഖര്‍

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍.

ദുബായ്: ദുബായിയില്‍ ഈദിന് പിന്നാലെ ആഘോഷമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍. യുഎഇ ഭരണാധികാരികള്‍ക്ക് പുറമെ വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ അതിഥികളായെത്തി. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലായിരുന്നു വിവാഹ വിരുന്ന് സല്‍കാരം. മതപരമായ വിവാഹ ചടങ്ങുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ശൈഖ ബിന്ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്‌യ ബിന്ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്.

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, കിരീടാവകാശികള്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മലയാളികളടക്കമുള്ള വ്യവസായികള്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, യുഎഇയിലെ വിവിധ അന്താരാഷ്ട്ര കമ്പനികളുടെ തലവന്മാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. അതിഥികളെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിച്ചു.

പരമ്പരാഗത അറബ് വേഷത്തിലായിരുന്നു വരന്മാര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക ആഘോഷ വേദികളാണ് സജ്ജീകരിച്ചിരുന്നത്. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന് പുറമെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വിവിഎസ് ഗ്രൂപ്പ് സിഎംഡി ഡോ. ഷംസീര്‍ വയലില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, എന്‍എംസി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബിആര്‍ ഷെട്ടി, ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version