ഗള്‍ഫ് മേഖലയില്‍ അസ്വസ്ഥത പുകയുന്നു; അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്

അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്.

റിയാദ്: ഗള്‍ഫ് മേഖലയില്‍ പുകയുന്ന അസ്വസ്ഥതയ്ക്ക് പിന്നാലെ അറബ് ലീഗ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച വാര്‍ത്ത സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. ഗള്‍ഫ് നേതാക്കളുടെയും അറബ് രാജ്യങ്ങളുടെയും രണ്ട് പ്രത്യേക ഉച്ചകോടികള്‍ സല്‍മാന്‍ രാജാവ് മേയ് 30ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നാണ് സൗദി പ്രസ് ഏജന്‍സി അറിയിച്ചത്.

ഇറാനില്‍ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് യുഎസ് ഗള്‍ഫ് മേഖലയില്‍ വിമാനവാഹിനി വിന്യസിച്ചത് സംഘര്‍ഷ സാധ്യത ഉയരാന്‍ കാരണമായിരുന്നു. എന്നാല്‍ ഇറാന്റെ ഭീഷണിയുടെ കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സംശയം ഉയരുമ്പോഴും ഇറാനില്‍ നിന്ന് ഭീഷണിയുണ്ടെന്ന ആരോപണം യുഎസ് തുടരുകയാണ്. യുഎസ് സഖ്യകക്ഷികളായ സൗദിയുടെയും ഇസ്രയേലിന്റെയും എതിരാളി കൂടിയാണ് ഇറാന്‍.

യുദ്ധം ഒഴിവാക്കാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍, സൗദിക്ക് എണ്ണ സമ്പത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാനുള്ള എല്ലാ കരുത്തുണ്ടെന്നുമാണ് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്.

Exit mobile version