യുഎഇ തീരത്ത് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഇറാന്റെ അട്ടിമറിയെന്ന് സംശയം; രാജ്യാന്തര തലത്തില്‍ ആശങ്ക

ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് അറിയിച്ചത്.

ഫുജൈറ: യുഎഇ തീരത്തിനടുത്ത് വെച്ച് എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം. നാല് കപ്പലുകള്‍ക്ക് നേരെയാണ് കിഴക്കന്‍ തീരത്തിനടുത്ത് വെച്ച് ആക്രമണമുണ്ടായത്. ഇതില്‍ രണ്ടെണ്ണം തങ്ങളുടെ കപ്പലുകളാണെന്ന് സൗദി സ്ഥിരീകരിച്ചു. ഒരു കപ്പല്‍ നോര്‍വീജിയന്‍ എണ്ണ കപ്പലാണെന്നും സൂചനയുണ്ട്. ഞായറാഴ്ച രാവിലെയാണ് ഫുജൈറയില്‍ വെച്ച് ആക്രമണമുണ്ടായത്. ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് അറിയിച്ചത്. എന്നാല്‍, ആളപായമോ ഇന്ധനചോര്‍ച്ചയോ ഉണ്ടായിട്ടില്ല എന്നാണ് സൗദിയുടെ വാദം.

വാണിജ്യകപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വാണിജ്യകപ്പലുകള്‍ക്ക് നേരെയുണ്ടായ അട്ടിമറിശ്രമവും ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഗുരുതരമായി കാണുന്നെന്നും സമുദ്രഗതാഗത സുരക്ഷയെ ബാധിക്കുന്ന ഈ ശ്രമങ്ങളെ തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും യുഎഇ പറഞ്ഞു.

ഈ കപ്പലുകളില്‍ ഒരെണ്ണം റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യുഎസിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ സമുദ്രപരിധിയില്‍ വെച്ച് അട്ടിമറി ശ്രമമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യുഎഇ-സൗദി സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.

അതേസമയം, ഇറാന്‍ അന്താരാഷ്ട്ര ഉപരോധം നേരിടുന്ന സാഹചര്യത്തില്‍ രാജ്യമോ രാജ്യവുമായി ബന്ധമുള്ളവരോ ഈ മേഖലയില്‍ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് യുഎസ് സഖ്യരാഷ്ട്രങ്ങള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യുഎസ് ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിച്ചിരുന്നു.

Exit mobile version