യുഎഇയില്‍ ഇനി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവാസികള്‍ക്ക് കുടുംബവിസ; മികവുള്ളവരെ മാത്രം ആകര്‍ഷിക്കുക ലക്ഷ്യമെന്ന് മന്ത്രിസഭ

ദുബായ്: ഇനി മുതല്‍ യുഎഇിലേക്ക് കുടുംബത്തെ കൊണ്ടുവരാന്‍ വിദേശികളായ തൊഴിലാളികള്‍ക്ക് വരുമാനം കൂടി കണക്കിലെടുക്കേണ്ടി വരും. ഞായറാഴ്ച ചേര്‍ന്ന യുഎഇ.മന്ത്രിസഭായോഗത്തില്‍ വിദേശികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥ ഭേദഗതി ചെയ്തുള്ള നിയമത്തിന് അംഗീകാരം നല്‍കി. വരുമാനത്തിന്റെ തോതനുസരിച്ച് മാത്രം വിദേശികള്‍ക്ക് ഇനിമുതല്‍ കുടുംബാംഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാനാകൂ. ഇതിനുള്ള ചുരുങ്ങിയ വരുമാനപരിധി എത്രയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിദേശികള്‍ക്ക് നല്ല തൊഴില്‍ അന്തരീക്ഷവും മികച്ച വ്യക്തിജീവിതവും ഉറപ്പിക്കാന്‍ ഭേദഗതി ഉപകരിക്കും.യുഎഇയില്‍ താമസിക്കുന്ന വിദേശികളുടെ കുടുംബസുരക്ഷ ഉറപ്പുവരുത്താന്‍ ഉതകുന്നതാണ് പുതിയ നിയമഭേദഗതിയെന്ന് മന്ത്രിസഭയുടെ ജനറല്‍ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വിശദീകരിച്ചു. ലോകരാജ്യങ്ങളിലെ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ചും മാറിയ തൊഴില്‍ അന്തരീക്ഷം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ വ്യവസ്ഥ.

വിദേശികളുടെ കുടുംബാംഗങ്ങള്‍ക്ക് യുഎഇയില്‍ ജോലി കണ്ടെത്താന്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. ഇവര്‍ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയാല്‍ കൂടുതല്‍ പേരെ വിദേശത്തുനിന്ന് കണ്ടെത്തേണ്ടിവരില്ല എന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. അതേസമയം കൂടുതല്‍ മികവുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ആരോഗ്യകരമായ കുടുംബജീവിതം ഉറപ്പാക്കാനും പുതിയ വ്യവസ്ഥ വഴിയൊരുക്കുമെന്നും പ്രസ്താവന പറയുന്നു.

Exit mobile version