ഇന്ത്യയ്‌ക്കെതിരെ സൈനികനീക്കം പാടില്ല; പാകിസ്താനോട് ആവശ്യപ്പെട്ട് സൗദിയും; ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറുന്നു

റിയാദ്: പാകിസ്താനോട് ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യയും രംഗത്ത്. സൗദി വിദേശകാര്യമന്ത്രി പാകിസ്താന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാന്‍ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു.

അബുദാബിയില്‍ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടാനിരിക്കെയാണ് സൗദിയുടെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. എഒസി സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥി ആക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഒസി സമ്മേളനത്തില്‍ ഇന്ത്യ, പാകിസ്താന്‍ സംഘര്‍ഷം സംബന്ധിച്ച നിലപാട് ഇന്ത്യ വ്യക്തമാക്കും. എഒസി സംയുക്തമായോ അംഗരാജ്യങ്ങള്‍ സ്വന്തം നിലയിലോ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.

അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്താനോട് അമേരിക്കന്‍ ആഭ്യന്തര കാര്യ മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ വാങ് യി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയെ ഫോണില്‍ വിളിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നു. ഇരു രാജ്യങ്ങളും മിതത്വം പാലിക്കുമെന്ന് വാങ് യി പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും രണ്ട് രാജ്യങ്ങളുടേയും പരമാധികാരം ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version