ഇന്ത്യന്‍ പ്രവാസിക്ക് ദുബായ് കോടതി വിധിച്ച 95 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കൈമാറി; പണം തണലായത് വാഹനാപകടത്തില്‍ ഗുരുതരാവസ്ഥയിലായ പ്രവാസിക്ക്

പരിക്കേറ്റ ഇന്ത്യന്‍ പ്രവാസിക്കും കുടുംബത്തിനും ആശ്വാസമായി ദുബായ് അപ്പീല്‍ കോടതി വിധിച്ച നഷ്ടപരിഹാരത്തുക

ദുബായ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ പ്രവാസിക്കും കുടുംബത്തിനും ആശ്വാസമായി ദുബായ് അപ്പീല്‍ കോടതി വിധിച്ച നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം ദിര്‍ഹം (ഏകദേശം 95 ലക്ഷം ഇന്ത്യന്‍ രൂപ ). ഈ തുക ഷാര്‍ജയിലെ, അഡ്വ. അലി ഇബ്രാഹിം ലീഗല്‍ ഓഫീസിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന കുടുംബത്തിന് കൈമാറി. പഞ്ചാബിലെ ഫത്തേ ഗ്രാഹ് ജില്ലയിലെ ഹര്‍ചന്ദ് സിങ് (59) എന്നയാള്‍ക്കാണ് നഷ്ടപരിഹാരത്തുക കൈമാറിയത്.

2017 മാര്‍ച്ച് മാസം 21 ന് ആയിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. അബുദാബി ഭാഗത്തുവെച്ചു ഹര്‍ചന്ദ് സിംഗ് സഞ്ചരിച്ചിരുന്ന വാഹനത്തിനു പിറകില്‍ വേറൊരുവാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഹര്‍ചന്ദ് സിംഗിനെ അബുദാബിയിലെ അല്‍ റഹ്ബാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ അബുദാബിയിലെ ട്രാഫിക് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയും അശ്രദ്ധയോടെയും, ട്രാഫിക് നിയമം ലംഘിച്ചും വാഹനം ഓടിച്ചതിന് കുറ്റവാളിയായി കണ്ടെത്തുകയും 5000 ദിര്‍ഹം പിഴ ശിക്ഷയായി വിധിച്ചു വിട്ടയക്കുകയും ചെയ്തു.

പിന്നാലെ, വാഹനാപകട നഷ്ടപരിഹാരത്തിനായി ഹര്‍ചന്ദ് സിംഗിന്റെ ബന്ധുക്കള്‍ ഷാര്‍ജയിലെ നിയമ സ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. കേസ് ഏറ്റെടുത്ത ലീഗല്‍ ഓഫീസ് വാഹന ഇന്‍ഷുറന്‍സ് കമ്പനിയെയും, ഡ്രൈവറെയും എതിര്‍കക്ഷിയാക്കികൊണ്ട് വാഹനാപകട നഷ്ടപരിഹാരത്തിനായി ദുബായ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

അപകടം കാരണം പരാതിക്കാരന്റെ വലത്തേ കാലിന്റെ താഴ്ഭാഗത്തും, തുടയെല്ലിനും, കാല്‍മുട്ടിനും, ഇടുപ്പെല്ലിനും സാരമായി പരിക്കേല്‍ക്കുകയും ശരീരത്തിന്റെ താഴ്ഭാഗത്തെ ശക്തി പൂര്‍ണമായും നഷ്ടപ്പെടുകയും ഇതുമൂലം വലിയ നഷ്ടം ഉണ്ടായി എന്നും പരാതിക്കാരന് വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു. എന്നാല്‍ ഈ അപകടത്തിലെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഈ കമ്പനിക്കില്ലെന്നും ഹാജരാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതുപോലുള്ള പരിക്കുകള്‍ പരാതിക്കാരന് ഉണ്ടായിട്ടില്ലെന്നും, പരാതിക്കാരന് ഉണ്ടായ നഷ്ടം വെറും ഒരു ലക്ഷത്തി ഇരുപതിനായിരം ദിര്‍ഹം വിലമതിക്കുന്നതാണെന്നും, അതിനാല്‍ പരാതിക്കാരന്‍ ഉയര്‍ത്തിയ വാദങ്ങളെ തള്ളണമെന്നും ഇന്‍ഷുറന്‍സ് കമ്പനിക്ക് വേണ്ടി ഹാജരായ വക്കീലും വാദിച്ചു.

ഇരുഭാഗത്തിന്റെയും വാദങ്ങള്‍ ദുബായ് സിവില്‍ കോടതി കേള്‍ക്കുകയും നഷ്ടങ്ങള്‍ പരിഗണിച്ചു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദങ്ങളെ തള്ളിക്കൊണ്ട് പരാതിക്കാരന് നാല് ലക്ഷം ദിര്‍ഹം നല്‍കാന്‍ വിധിക്കുകയായിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ലീഗല്‍ ഓഫീസ് ദുബായ് സിവില്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയും, ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടതിന് ശേഷം അപ്പീല്‍ കോടതി കീഴ്‌കോടതി വിധിച്ച നാല് ലക്ഷം ദിര്‍ഹം അഞ്ചുലക്ഷമാക്കി ഉയര്‍ത്തി കൊണ്ട് ഉത്തരവിടുകയായിരുന്നു.

Exit mobile version