പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി! രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ യുഎഇയില്‍

രാത്രിയോടെ ദുബായ് വിമാനത്താവളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കാനും കാണാനുമായി നൂറുകണക്കിന് ആളുകളാണ് ടെര്‍മിനലിന് മുന്നില്‍ കാത്തുനിന്നത്.

ദുബായ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഎഇയില്‍ എത്തി. ദുബായില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി പ്രവാസി ലോകത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. രാത്രിയോടെ ദുബായ് വിമാനത്താവളത്തിലെത്തിയ രാഹുലിനെ സ്വീകരിക്കാനും കാണാനുമായി നൂറുകണക്കിന് ആളുകളാണ് ടെര്‍മിനലിന് മുന്നില്‍ കാത്തുനിന്നത്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക പരിപാടികളുടെ ഭാഗമായി ഐഡിയ ഒഫ് ഇന്ത്യ എന്ന പ്രമേയത്തിലെ സാംസ്‌കാരിക സമ്മേളനമാണ് പൊതു ചടങ്ങ്. ദുബായ് ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന.

നാളെ രാവിലെ 10 മണിക്ക് ദുബായി ജബേലലി ലേബര്‍കാംപ് സന്ദര്‍ശിച്ച് തൊഴിലാളികളുമായി സംവദിക്കും. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാവും അതുകഴിഞ്ഞ് ഗ്രാന്റ് ഹയാത്തില്‍ രാജ്യത്തെ ബിസിനസ് സമൂഹവുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉമ്മന്‍ചാണ്ടി, കെസുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാപ് ചെയ്യുന്നുണ്ട്.

Exit mobile version