അവധിക്ക് നാട്ടിലെത്തി തിരിച്ച് മടങ്ങാനായില്ല; പ്രവാസി ജീവനക്കാരനെ കഷ്ടപ്പെട്ട് കണ്ടെത്തി എട്ട് ലക്ഷം രൂപ മടക്കി നൽകി സ്‌പോൺസർ; നന്മയ്ക്ക് അഭിനന്ദനം

ജുബൈൽ: ഗൾഫിൽ നിന്നും അവധിക്ക് നാട്ടിൽ പോയി പിന്നീട് മടങ്ങാൻ കഴിയാതിരുന്ന ഇന്ത്യക്കാരനായ ജീവനക്കാരനെ ഏറെ ശ്രമപ്പെട്ട് കണ്ടെത്തി എട്ടുലക്ഷത്തോളം രൂപ തിരികെ നൽകി സ്പോൺസറുടെ നന്മ. ജമ്മുകാശ്മീർ മാങ്കോട്ട് മേന്ദർ സ്വദേശി മുഹമ്മദ് യൂനുസിനാണ് നഷ്ടപെട്ടെന്നു കരുതിയ പണം രണ്ടര വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചത്. ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെയും ഇന്ത്യൻ എംബസിയുടേയും ഇടപെടലും കാര്യങ്ങൾ എളുപ്പമാകാൻ സഹായിച്ചു.

2019ലാണ് മുഹമ്മദ് യൂനുസ് റിയാദിൽ അബ്ദുള്ള ആയിദ് അസ്സുബൈയി എന്ന സ്പോൺസർക്കൊപ്പം ജോലി ചെയ്തുവരുന്നതിനിടെ അവധിക്ക് നാട്ടിലേക്ക് പോയത്. തിരിച്ചെത്തുമ്പോൾ മടക്കി വാങ്ങാമെന്ന കരാറിൽ തന്റെ കൈവശമുണ്ടായിരുന്ന 40,000 റിയാൽ യൂനുസ് സ്‌പോൺസറെ ഏൽപ്പിച്ചിരുന്നു. എന്നാൽ നാട്ടിൽ എത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് യൂനുസിന് തിരികെ വരാൻ സാധിക്കാതെ പോയി.

പിന്നീട് രണ്ടര വർഷമായിട്ടും ബന്ധങ്ങളൊന്നുമില്ലാതിരുന്ന യൂനുസിനെ സ്പോൺസർ ഇന്ത്യൻ എംബസിയിൽ അന്വേഷിക്കുകയും ആളെ കണ്ടെത്തി തന്നാൽ പണം കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.

ALSO READ- സ്റ്റുഡിയോ തുടങ്ങാൻ ലോണെടുത്തത് 1 ലക്ഷം; കോവിഡ് കാലവും നാല് തവണ അറ്റാക്കും വന്നതോടെ പ്രതിസന്ധി; ബാങ്ക് ജപ്തി ചെയ്ത വീട്ടുടമ അജേഷിന്റെ ജീവിതം നരകതുല്യം

സാധാരണ രീതിയിൽ എംബസിയിലെ സിസ്റ്റത്തിൽനിന്ന് നാട്ടിലെ ബന്ധപ്പെടാനുള്ള മോബൈൽ നമ്പരുകൾ ലഭിക്കാറുണ്ടായിരുന്നെങ്കിലും യൂനുസിന്റെ വിലാസം മാത്രമേ ലഭിച്ചിരുന്നുളളു. തുടർന്ന് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി ജുബൈലിലെ സാമൂഹ്യ പ്രവർത്തകനും എംബസി സന്നദ്ധ പ്രവർത്തകനുമായ സൈഫുദീൻ പൊറ്റശ്ശേരിയെ വിവരം അറിയിച്ചു.

തുടർന്ന് ഇന്ത്യക്കാരുടെ വ്യത്യസ്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സൈഫുദ്ദീൻ പൊറ്റശ്ശേരി സന്ദേശം അയച്ചതിന്റെ ഫലമായി ജിദ്ദയിലെ ഒരു മലയാളിയുടെ കൂടെ ജോലി ചെയ്തുവരുന്ന ജമ്മു കാശ്മീർ സ്വദേശി വഴി യൂനുസിനെ കണ്ടെത്തുകയായിരുന്നു.

ALSO READ- കൂട്ടുകാർ പറഞ്ഞു ഇരട്ടപെൺകുട്ടികളെന്ന്; ഒരാളെ കിട്ടുമെന്ന് വിചാരിച്ചു, ഒടുവിൽ ആർച്ച ആരോമൽ ആയ കഥ പറഞ്ഞ് സീമ ജി നായർ

പിന്നീട് വീഡിയോകോളിൽ സംസാരിക്കുകയും പാസ്പോർട്ടും ആധാർ കാർഡിന്റെ പകർപ്പും വരുത്തി ഫോൺ നമ്പർ ഉൾപ്പടെയുള്ള രേഖകൾ എംബസിക്ക് കൈമാറുകയുമായിരുന്നു. കൂടാതെ സ്പോൺസറും യൂനുസമായി വീഡിയോയിൽ സംസാരിച്ചു. തുടർന്ന് പണം എംബസിയിൽ ഏൽപ്പിക്കാൻ സ്പോൺസർ സന്നദ്ധത അറിയിച്ചു. തിരികെ സൗദിയിൽ വരാൻ കഴിയാതിരുന്നതും രോഗാവസ്ഥയും യൂനുസിന്റെയും കുടുംബത്തിന്റെയും നില അതീവ ദുരിതത്തിലായിരുന്നു. ഇദ്ദേഹത്തിന് പണം തിരികെ ലഭിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ്.

Exit mobile version