സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പുതിയ ജോലി സ്ഥലത്തേക്കായി ഇറങ്ങിയത് മരണത്തിലേക്ക്; സൗദിയിൽ മലയാളി കുടുംബത്തെ ഒന്നാകെ കവർന്നെടുത്ത് റോഡപകടം

ദമ്മാം: പുതിയ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു ജാബിറും ഭാര്യയും മൂന്നു മക്കളും. പക്ഷെ വിധി അവരെ പാതി വഴിയിൽ തട്ടിയെടുക്കുമെന്ന് ആരും കരുതിയിരുന്നില്ല. മുഹമ്മദ് ജാബിറും ഷബ്നയും ഒരിക്കലും തിരിച്ചു വരാത്ത യാത്രയിലേക്ക് നടന്ന് പോയത് ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല പ്രവാസ ലോകത്തെ ഒരാൾക്കും.

വീട്ടിലെ എല്ലാ സാധനങ്ങളും ഒരു ഡൈന വാഹനത്തിൽ കയറ്റി അയച്ചാണ് ജാബിറും കുടുംബവും വെള്ളിയാഴ്ച പുലർച്ചയോടെ ജിസാനിലേക്ക് തിരിച്ചത്. റിയാദ് വരെ തന്‍റെ വാഹനത്തിന്‍റെ തൊട്ടു പിറകിലായി ജാബിറിന്‍റെ കാറും ഉണ്ടായിരുന്നുവെന്നാണ് ഡൈന ഡ്രൈവർ പറഞ്ഞത്. പിന്നീട് അവരെ കാണാതായപ്പോഴും കൃത്യമായ ലൊക്കേഷൻ മാപ്പ് തന്നിരുന്നതിനാൽ അവരെ കാത്തുനിൽക്കാതെ അദ്ദേഹം സാധനങ്ങളുമായി നേരെ ജിസാനിലേക്ക് തന്നെ പോവുകയായിരുന്നു. പിന്നീടാണ് റിയാൻ ജനറൽ ആശുപത്രിയിൽ മലയാളി നഴ്സുമാർ നഴ്സിങ്​ അസോസിയേഷന്‍റെ ഗ്രൂപ്പിൽ പങ്കുവെച്ച വിവരത്തെ തുടർന്ന് ഇവർ അപകടത്തിൽപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് സൗദി കുടുംബം സഞ്ചരിച്ചിരുന്ന ലാൻറ്ക്രൂയിസർ കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പുർ പാണ്ടികശാലക്കണ്ടി വീട്ടിൽ ആലിക്കോയയുടേയും ഹഫ്സയുടേയും മൂത്തമകനാണ് മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് അപകടത്തിൽ മരിച്ചത്.

17 കൊല്ലം ജീവിച്ച ജുബൈലിൽ നിന്ന് ജിസാനിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കുടുംബം. അനിയൻ അൻവറിനേയും കുടുംബത്തിനെയും ഉറ്റസുഹൃത്തുക്കളെയും ഉൾപ്പെടെ പിരിയുന്ന ദുഖത്തിലാണ് 5 പേരും പുതിയ ജോലി സ്ഥലത്തേക്ക് തിരിച്ചത്.

ജിസാൻ, അസീർ, നജ്റാൻ മേഖലകളിലെ ഫീൽഡ് ഓഫീസറായി ഒരാഴ്ചക്ക് മുമ്പ് തന്നെ ജാബിർ ജോലിയിൽ പ്രവേശിച്ചിരുന്നു. ജിസാനിലെ അബൂഹാരിസിൽ താമസ സ്ഥലം ഒരുക്കിയതിന് ശേഷം ജുബൈലിലുള്ള കുടുംബത്തെ കൂട്ടിവരാനാണ് ജാബിർ തിരികെയെത്തിയത്.

നാട്ടിലുള്ള കുടുംബം ഒരു മാസം മുമ്പാണ് സൗദിയിലെത്തിയത്. സൗദിയിലെ പ്രശസ്തമായ അബ്ദുൾ ലത്തീഫ് അൽ ജമീൽ കമ്പനിയിൽ ജോലിചെയ്യുന്ന മുഹമ്മദ് ജാബിറിനെക്കുറിച്ച് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒരു വാക്ക് പോലും മോശമായി പറയാനില്ല. ജീവകാരുണ്യ പ്രവർത്തനത്തിലടക്കം സജീവമായിരുന്നു ജാബിർ. ഈ കുടുംബത്തിന്റെ വിയോഗത്തോടെ തീരാ നഷ്ടമാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉണ്ടായിരിക്കുന്നത്.

Exit mobile version