വീണ്ടും യുഎസിൽ മലയാളി കൊല്ലപ്പെട്ടു; വെടിയുണ്ട എത്തിയത് സീലിങ് തുളച്ച്; ദാരുണാന്ത്യം സംഭവിച്ചത് ഉറങ്ങുകയായിരുന്ന 19കാരിക്ക്

അലബാമ: വീണ്ടും യുഎസിൽ മലയാളിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. വീടിനു മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ച് ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു.

തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ് കൊല്ലപ്പെട്ട മറിയം. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്‌ക്കറ്റ് സെന്റ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലീസ് അധികാരികളിൽ നിന്ന് മൃതദേഹം വിട്ടുകിട്ടുന്നത് പ്രകാരം അലബാമയിൽ പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും നടക്കും. നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിവരികയാണ്.

Exit mobile version