കൊടുവള്ളി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്: സൗദിയിൽ രണ്ട് മലയാളികൾക്ക് വധശിക്ഷ; ഇനി രക്ഷപ്പെടാൻ വഴി മാപ്പ് മാത്രം; പ്രതികൾക്ക് മാപ്പ് നൽകില്ലെന്ന് ഉറപ്പിച്ച് സമീറിന്റെ കുടുംബം

ദമാം: സൗദി അറേബ്യയിലെ ജുബൈലിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഇതോടെ മലയാളികൾ ഉൾപ്പടെ ആറ് പേരാണ് വധശിക്ഷ ഉറപ്പിച്ചത്. ഹവാല പണമിടപാട് നടത്തിയിരുന്ന സമീറിൽനിന്ന് പണം കവരുന്നതിനായി സൗദി യുവാക്കൾ ഉൾപ്പടെയുള്ളവർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പണം കണ്ടെത്താത്തതിനെത്തുടർന്ന് മൂന്നുദിവസം ബന്ദിയാക്കി മർദിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് കോടതി കണ്ടെത്തിയത്.

കേസിൽ അൽകോബാറിൽ ഡ്രൈവറായ തൃശ്ശൂർ കൊടുങ്ങല്ലൂർ എരിയാട് സ്വദേശി നൈസാം സാദിഖ് (നിസാമുദ്ദീൻ), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മൽ ഹമീദ്, സൗദി പൗരന്മാരായ ഹുസൈൻ, അസ്വദ്, ഇദ്രീസ് എന്ന അബുറവാൻ, അലി എന്നിവരാണ് പ്രതികൾ. ജുബൈൽ ക്രിമിനൽ കോടതി വിധിച്ച വധശിക്ഷയാണ് ദമാം അപ്പീൽ കോടതി ഇപ്പോൾ ശരിവെച്ചത്.

കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി കൂടത്തിങ്ങൽ അയമ്മദ് കുട്ടി-കദീജ ദമ്പതിമാരുടെ ഏഴ് മക്കളിൽ അഞ്ചാമത്തെയാളാണ് സമീർ. അഞ്ചുവർഷംമുമ്പ് ചെറിയ പെരുന്നാൾദിവസം പുലർച്ചെ സമീറിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജുബൈലിൽ വർക്ക്ഷോപ്പ് മേഖലയിൽ നഗരസഭാ മാലിന്യപ്പെട്ടിക്കുസമീപം പുതപ്പിൽ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഈ സംഭവത്തിന് മൂന്നുദിവസം മുമ്പ് കാണാതായ സമീറിനുവേണ്ടി പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മുറിവുകളും സാഹചര്യത്തെളിവുകളും അനുസരിച്ച് കൊലപാതകമാണെന്ന് പോലീസ് നിരീക്ഷിച്ചു. ജുബൈൽ പോലീസിലെ ക്രിമിനൽ കേസ് മേധാവി മേജർ തുർക്കി നാസ്സർ അൽ മുതൈരി, രഹസ്യാന്വേഷണവിഭാഗം ക്യാപ്റ്റൻ അബ്ദുൽ അസീസ്, ക്യാപ്റ്റൻ ഖാലിദ് അൽ ഹംദി എന്നിവർ നടത്തിയ ഊർജിതമായ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.

വധശിക്ഷ വിധിക്കപ്പെട്ടതോടെ ദയാഹർജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതികൾ. സമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ പ്രതികൾക്ക് വധശിക്ഷയിൽനിന്ന് രക്ഷപ്പെടാം. എന്നാൽ പ്രതികൾക്ക് മാപ്പ് നൽകില്ലെന്ന് സമീറിന്റെ ജ്യേഷ്ഠൻ താജുദ്ദീൻ പറഞ്ഞു. ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയമായിരുന്നു സമീർ.

Exit mobile version