21 മുതൽ വിദേശികൾക്ക് പ്രവേശനമില്ല; ഒറ്റയടിക്ക് തീരുമാനം മാറ്റി കുവൈറ്റ്; നിരാശയോടെ പ്രവാസികൾ

kuwait entry

കുവൈറ്റ് സിറ്റി: വിദേശ രാജ്യത്ത് നിന്നുള്ളവർക്ക് നിയന്ത്രണമില്ലാതെ 21 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാമെന്ന തീരുമാനം മാറ്റി രാജ്യം. നിലവിൽ കുവൈറ്റിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് നീട്ടിയിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാൻ തീരുമാനിച്ചതായി കുവൈറ്റ് വ്യോമയാന വകുപ്പ് ട്വിറ്ററിൽ അറിയിച്ചു.

കുവൈറ്റി പൗരന്മാർക്ക് മാത്രം ഒരാഴ്ചത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനും തുടർന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റൈനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും.

നേരത്തെ, രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീർന്ന് ഫെബ്രുവരി 21 മുതൽ കുവൈറ്റിലേക്ക് വിദേശികൾക്കും പ്രവേശിക്കാമെന്ന പ്രഖ്യാപനം വന്നതോടെ ഇന്ത്യക്കാരുൾപ്പടെ ഉള്ള പ്രവാസികൾ ഏറെ സന്തോത്തിലായിരുന്നു. തീരുമാനം മാറ്റിയതോടെ പ്രവാസികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണിത്.

നേരത്തെ, ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ നിരവധി പ്രവാസികൾ പ്രയാസത്തിലായിരുന്നു. പിന്നീട് സ്വന്തം ചെലവിൽ കുവൈറ്റിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ കഴിയാമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ ആഹ്ലാദത്തോടെയാണ് പ്രവാസികൾ വരവേറ്റത്.

Exit mobile version