ബാലുവിന്റെ മരിക്കാത്ത ഓര്‍മ്മകളില്‍ പ്രവാസ ലോകം; ഗള്‍ഫിനെ അത്ഭുതപ്പെടുത്തിയ ലേലത്തില്‍ ബാലുവിന്റെ ചിത്രം വിറ്റുപോയത് വന്‍തുകയ്ക്ക്

മണ്‍മറഞ്ഞാലും ബാലുവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ എന്നും ഈ പ്രവാസമനസുകളില്‍ ഉണ്ടാകും

അബുദാബി: ഗള്‍ഫ് പ്രവാസികള്‍ക്ക് എന്നും വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാകുന്ന പ്രിയപ്പെട്ട സെലിബ്രിറ്റിയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കര്‍. മണ്‍മറഞ്ഞാലും ബാലുവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ എന്നും ഈ പ്രവാസമനസുകളില്‍ ഉണ്ടാകും. ഇതിന്റെ നേര്‍സാക്ഷ്യമായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ലേലംവിളി.

അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മണല്‍ചിത്രം ലേലത്തിനുവച്ചപ്പോള്‍ ആരാധകരുടെ സ്‌നേഹത്തോടെയുള്ള മത്സര ലേലം വിളി ഏവരെയും അദ്ഭുതപ്പെടുത്തി. സംഗീത പ്രതിഭയുടെ സ്മരണകള്‍ ജ്വലിച്ചുനിന്ന ലേലം വിളിയില്‍ 3110 ദിര്‍ഹമിന് (60,000ത്തിലേറെ രൂപ) ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളം ചിത്രം സ്വന്തമാക്കി. ചിത്രകാരി രേഷ്മ സൈനുലാബ്ദീന്‍ വരച്ച ചിത്രമാണ് കേരള സോഷ്യല്‍ സെന്ററില്‍ നടന്ന കേരളോത്സവത്തിലൂടെ ലേലം ചെയ്തത്.

100 ദിര്‍ഹമില്‍നിന്നും തുടങ്ങിയ ലേലം വിളിയാണ് ഒടുവില്‍ വന്‍തുകയില്‍ എത്തി നിന്നത്. ചിത്രകലയിലൂടെ തന്റേതായ ലോകം തീര്‍ത്ത രേഷ്മ സൈനുലാബ്ദീന്‍ കേരളോത്സവത്തോടനുബന്ധിച്ച് കെഎസ്‌സി വനിതാവിഭാഗം ഒരുക്കിയ പ്രത്യേക പരിപാടിയിലായിരുന്നു അന്തരിച്ച ബാലഭാസ്‌കറിന്റെ ചിത്രം വരച്ചത്. ആയിരങ്ങളെ സാക്ഷിനിര്‍ത്തി നിമിഷനേരംകൊണ്ട് ബാലഭാസ്‌കറിനെ മണലില്‍ വരച്ചുതീര്‍ത്തപ്പോള്‍ ആരാധകര്‍ ഹര്‍ഷാരവത്തോടെ വരവേറ്റു.

പ്രമുഖ പാചക വിദഗ്ധയും ഫാഷന്‍ ഡിസൈനറും ആര്‍ട്ട് തെറാപ്പിസ്റ്റുമാ
ണ് രേഷ്മ. ചിത്ര രചനയ്ക്ക് ഈണമായി സ്നേഹ ഓജന്‍ വയലിനിലും അമല്‍ കീബോര്‍ഡിലും രേഷ്മയെ അനുഗമിച്ചപ്പോള്‍ വേദിയില്‍ ബാലഭാസ്‌കറിന്റെ അദൃശ്യസാന്നിധ്യമായി.

കേരള സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഷൈനി ബാലചന്ദ്രന്‍, ഷല്‍മ സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിത്രം ഡോ. ബഷീര്‍ പുന്നയൂര്‍ക്കുളത്തിനു സമ്മാനിച്ചു. ബാലഭാസ്‌കറിനോടുള്ള സ്‌നേഹത്തില്‍ വിളിച്ചെടുത്ത ചിത്രം അദ്ദേഹം കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറിയിലേയ്ക്ക് സംഭാവന ചെയ്തു. ലേലത്തില്‍ ലഭിച്ച തുക പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള ഫണ്ടിലേക്കു സംഭാവന ചെയ്യുമെന്ന് പ്രസിഡന്റ് എകെ ബീരാന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ അറിയിച്ചു.

Exit mobile version