കൊവിഡ്; ഉമിനീര്‍ പരിശോധന രോഗനിര്‍ണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തല്‍

കുവൈറ്റ്‌സിറ്റി: ഉമിനീര്‍ പരിശോധന കൊവിഡ് രോഗനിര്‍ണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തല്‍. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഗവേഷകരാണ് ഉമിനീര്‍ സാമ്പിള്‍ ഉപയോഗിച്ചുള്ള പരിശോധ രോഗനിര്‍ണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്. ഡോ. ഫാത്തിമ അല്‍ ഹാരിഷ്, ഡോ. ഹയ അല്‍ തവാല എന്നീ ഗവേഷകരാണ് ഉമിനീര്‍ സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പരിശോധന ഫലപ്രദമെന്ന് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിരിക്കുന്നത്.

രോഗനിര്‍ണയത്തിന് നേസല്‍ സ്വാബിനു പകരം ഉമിനീര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത് താരതമ്യേന ചെലവ് കുറഞ്ഞതും ഫലപ്രദവുമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഫാത്തിമ ഹാരിഷ് പറഞ്ഞത്. ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ വിദഗ്ധരുടെ സഹായം ആവശ്യമില്ലാത്തതിനാല്‍ രോഗികള്‍ക്കു തന്നെ സാമ്പിള്‍ ശേഖരിച്ചു നല്‍കാന്‍ സാധിക്കുന്നതും കുട്ടികള്‍ പോലുള്ള റിസ്‌ക് ഗ്രൂപ്പുകളില്‍ നിന്നു നേസല്‍ സ്വാബ് ശേഖരിക്കുന്നതിനുള്ള പ്രയാസങ്ങളും ഇതിലൂടെ മറികടക്കാം.

സെപ്റ്റംബര്‍ മാസം മുതല്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ കുവൈറ്റില്‍ ഉമിനീര്‍ പരിശോധന നടത്തിവരുന്നതായും അല്‍ സബാഹ് ആശുപത്രിയിലെ കൊവിഡ് ടീം മേധാവി കൂടിയായ ഡോ. ഫാത്തിമ കൂട്ടിച്ചേര്‍ത്തു. നേസല്‍ സ്വാബിനു പകരം ഉമിനീര്‍ ഉപയോഗിച്ച് കൊവിഡ് പരിശോധന നടത്തുന്നതിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു.

Exit mobile version