വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടം; കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ സര്‍വീസ് നടത്തും

കുവൈറ്റ് സിറ്റി: വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്ന് 112 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കേരളത്തിലേക്ക് 18 സര്‍വീസുകള്‍ നടത്തും. നവംബര്‍ 3നും 26നും ഇടയില്‍ കൊച്ചിയിലേക്ക് അഞ്ചും കോഴിക്കോടേക്ക് ഏഴും കണ്ണൂരിലേക്കു നാലും തിരുവനന്തപുരത്തേക്ക് രണ്ട് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക.

കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 106000 ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് കുവൈത്തില്‍ നിന്നും സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ കുവൈറ്റ് എയര്‍ വേസ്, ജസീറ എയര്‍വെയ്സ് എന്നിവയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ 146000 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള പൗരന്മാര്‍ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തണമെന്നും എംബസി നിര്‍ദേശിച്ചു. നാട്ടില്‍ പോകാന്‍ ഒരുങ്ങുന്ന പ്രവാസികളുടെ യഥാര്‍ഥ കണക്ക് ലഭ്യമാക്കാന്‍ എംബസി കഴിഞ്ഞ ദിവസം പുതിയ രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിരുന്നു.

Exit mobile version