ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാന്‍ ഒരുങ്ങി സൗദി, ലക്ഷ്യം 8000 കോടിയുടെ നിക്ഷേപം, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

റിയാദ്: പ്രമുഖ റിട്ടെയ്ല്‍ സംരംഭകരായ ലുലു ഗ്രൂപ്പിന്റെ പ്രധാന ഓഹരി വാങ്ങാന്‍ ഒരുങ്ങി സൗദി നിക്ഷേപക നിധി (പിഐഎഫ്). ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പിഐഎഫ് ചെയര്‍മാന്‍. 360 ബില്യന്‍ യുഎസ് ഡോളറിലധികം (26,00,000 കോടി രൂപ) നിക്ഷേപ ഫണ്ടുള്ള നൂന്‍ ഡോട്ട് കോം ഉള്‍പ്പെടെ നിരവധി വന്‍കിട കമ്പനികളില്‍ വരെ ഇതിനകം സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ റീട്ടെയ്ല്‍ വിഭാഗത്തില്‍ ഒരു ഓഹരി വാങ്ങാന്‍ അടുത്തിടെ പിഐഎഫ് സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പുതിയ ഇടപാടുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ ഇതുവരെ തയാറായിട്ടില്ല.

വിപണിയിലെ ഊഹങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയാനില്ലെന്നും ബിസിനസിലെ പുതിയ ഇടപാടുകള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ വഴി എല്ലായിപ്പോഴും ജനങ്ങളെ അറിയിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.അടുത്തിടെ അബുദാബി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയായ എഡിക്യു 1.1 ബില്യന്‍ യുഎസ് ഡോളര്‍ (8000 കോടി രൂപ) ലുലു ഗ്രൂപ്പില്‍ നിക്ഷേപിച്ചിരുന്നു.

ജോര്‍ദാന്‍, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളില്‍ പുതിയ വിപണി വ്യാപിപ്പിക്കുന്നതിനാണിത്. സര്‍ക്കാര്‍ തല വന്‍കിട നിക്ഷേപ പദ്ധതികള്‍ ലുലു ഗ്രൂപ്പിലും അതിന്റെ ചെയര്‍മാന്‍ എം.എ.യൂസുഫലിയിലും ഉള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്.

Exit mobile version