ആകാശവാതിലുകള്‍ അടഞ്ഞു, അല്‍പം ചുറ്റിയാണെങ്കിലും സൗദിയില്‍ എത്തിയ ആശ്വാസത്തില്‍ ആസിഫ് അലി, ഈ മാര്‍ഗത്തില്‍ സൗദിയില്‍ എത്തിയ ആദ്യ മലയാളി

അബുദാബി: കോവിഡ് പടര്‍ന്നുപിടിച്ചതിന് പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാനസര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചു. ആകാശ വാതിലുകള്‍ അടഞ്ഞപ്പോള്‍ അല്‍പം ചുറ്റിയാണെങ്കിലും സൗദിയില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ആസിഫലി സീഷാന്‍.

കോവിഡ് കാലത്ത് ഈ മാര്‍ഗത്തില്‍ സൗദിയില്‍ എത്തിയ ആദ്യ മലയാളിയാണ് അസിഫലി. ഇന്ത്യക്കാര്‍ക്ക് നേരിട്ടു പ്രവേശനം ഇല്ലാത്തതിനാല്‍ ദുബായ് വഴിയാണ് സൗദിയില്‍ എത്തിയത്. കോവിഡ് മാനദണ്ഡം പാലിച്ച് 14 ദിവസം യുഎഇയില്‍ താമസിച്ച് പുതിയ കോവിഡ് ടെസ്റ്റ് എടുത്താണ് ആസിഫലി ജിദ്ദയില്‍ എത്തിയത്.

സൗദിയുടെ കോവിഡ് നിയമങ്ങള്‍ പാലിച്ചതിനാല്‍ യാത്രയ്ക്ക് തടസ്സം ഉണ്ടായില്ലെന്ന് ആസിഫലി പറഞ്ഞു. അബഹയിലെ കംപ്യൂട്ടര്‍ കടയില്‍ സെയില്‍സ്മാനായ ആസിഫലി 2019 ഡിസംബറിലാണ് അവധിക്കു നാട്ടിലേക്കു പോയത്. ഏപ്രിലില്‍ തിരിച്ചുവരാനായിരുന്നു പദ്ധതി.

എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ മാര്‍ച്ചില്‍ രാജ്യാന്തര സര്‍വീസ് നിര്‍ത്തി. മേയില്‍ 6 മാസത്തെ റീഎന്‍ട്രി തീര്‍ന്നെങ്കിലും സൗദി 3 മാസത്തേക്കുകൂടി സൗജന്യമായി നീട്ടി നല്‍കിയിരുന്നു. ദുബായിലുള്ള സുഹൃത്ത് അന്‍സുല്‍ ആബിദിന്റെ നിര്‍ദേശപ്രകാരം സെപ്റ്റംബര്‍ 3ന് വിസിറ്റ് വീസയില്‍ യുഎഇയില്‍ എത്തി.

എങ്ങനും സൗദിയിലേക്കു പോകാന്‍ സാധിച്ചില്ലെങ്കില്‍ യുഎഇയില്‍ ജോലി നോക്കാമെന്നുറച്ചു. പിന്നീട് ദുബായിലും അബുദാബിയിലും ബന്ധുക്കളോടൊപ്പം കഴിഞ്ഞു വരുന്നതിനിടെയാണ് ഇന്ത്യക്കാര്‍ക്ക് ദുബായ് വഴി സൗദിയിലേക്ക് പോകാമെന്ന വാര്‍ത്ത കാണുന്നത്.

തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീണ്ടും കോവിഡ് ടെസ്റ്റ് എടുത്ത് സെപ്റ്റംബര്‍ 28ന് ഫ്‌ലൈ ദുബായില്‍ ജിദ്ദയില്‍ എത്തുകയായിരുന്നു. എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെ ആശങ്ക ഉണ്ടായിരുന്നെങ്കിലും നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും ദുബായിലേക്കുള്ള വീസയും ടിക്കറ്റും അന്‍സുല്‍ എടുത്തു നല്‍കിയതിനാല്‍ കാര്യമായ തുക ചെലവായില്ലെന്നും ആസിഫലി പറഞ്ഞു.

Exit mobile version