കൊവിഡ് കാലത്തെ മികച്ച സേവനം; മലയാളി നഴ്‌സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം

റിയാദ്: കൊവിഡ് കാലത്തെ മികച്ച സേവനം കണക്കിലെടുത്ത് മലയാളി നഴ്‌സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ആരോഗ്യ വകുപ്പിന് കീഴില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ സേവനം അനുഷ്ടിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മലയാളി നഴ്‌സ് ഉള്‍പ്പെടെ 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ബഹുമതി സമ്മാനിച്ചത്.

ജിസാന്‍ അബു അരീഷ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ കണ്ണൂര്‍ സ്വദേശി ഷീബ എബ്രഹാമാണ് സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് അഭിമാനാര്‍ഹമായ ഈ ബഹുമതി നേടിയത്. കൊവിഡ് സമയത്ത് സൗദിയില്‍ ഒട്ടാകെ ചികിത്സ ലഭിച്ചവരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ബഹുമതിക്ക് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ബഹുമതിക്ക് അര്‍ഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. കണ്ണൂര്‍ പയ്യാവൂരിലെ എരുവേശ്ശി സ്വദേശിനിയായാ ഷീബ 14 വര്‍ഷമായി ഇതേ ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുകയാണ്. സൗദിയില്‍ കൊവിഡ് വ്യാപകമായ ഉടനെ ആശുപത്രിയില്‍ ആരംഭിച്ച കൊവിഡ് വാര്‍ഡില്‍ ആറുമാസമായി ജോലി ചെയ്തുവരവേയാണ് അപ്രതീക്ഷിതമായി ഈ അംഗീകാരം തേടിയെത്തിയത്.

ഇതിനിടയില്‍ ഷീബക്കും ഭര്‍ത്താവിനും കൊവിഡ് ബാധിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ഷീബയുടെ ഭര്‍ത്താവ് ഷീന്‍സ് ലൂക്കോസ് അബു അരീഷില്‍ ജോലി ചെയ്യുന്നു. മക്കളായ സിവര്‍ട്ട് ഷീന്‍സ്, സ്റ്റുവര്‍ട്ട് ഷീന്‍സ് എന്നിവര്‍ ജിസാന്‍ അല്‍ മുസ്തക്ബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

Exit mobile version