റിട്ടയർ ഇൻ ദുബായ്; 55 വയസ് കഴിഞ്ഞവർക്ക് പുതിയ വിസ; അഞ്ച് വർഷം കാലാവധി

ദുബായ്: ദുബായിയിലെ മുതിർന്ന പ്രവാസികൾക്കായി പുതിയ വിസ സമ്പ്രദായം നടപ്പാക്കുന്നു. 55 വയസ് കഴിഞ്ഞവർക്ക് ദുബായ് പുതിയ തരത്തിലുള്ള റെസിഡന്റ് വിസ പ്രഖ്യാപിച്ചിരിക്കുകയാണ്. റിട്ടയർ ഇൻ ദുബായ് എന്ന പേരിലുള്ള വിസയ്ക്ക് അഞ്ച് വർഷം കാലാവധിയുണ്ടാകും. വിസക്ക് അപേക്ഷിക്കുന്നവർ ആരോഗ്യ ഇൻഷൂറൻസ് എടുത്തിരിക്കണമെന്നും നിർബന്ധമുണ്ട്. അപേക്ഷകന്റെ ജീവിത പങ്കാളിക്കും വിസ കിട്ടും.

നിബന്ധനകളോടെയാണ് ദുബായ് മുതിർന്നവർക്കായുള്ള പുതിയ വിസ സമ്പ്രദായം നടപ്പാക്കുന്നത്. 55 വയസ് കഴിഞ്ഞവർക്ക് അഞ്ച് വർഷ കാലാവധിയുള്ള താമസവിസ നൽകും. പ്രതിമാസം 20,000 ദിർഹം വരുമാനമോ 10 ലക്ഷം ദിർഹം സമ്പാദ്യമോ നിർബന്ധമാണ്. അല്ലെങ്കിൽ 20 ലക്ഷം ദിർഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തമായി വേണം.

ആരോഗ്യ ഇൻഷൂറൻസ് പോളിസി എടുത്തവർക്ക് മാത്രമേ വിസ നൽകൂ. വിസ അപേക്ഷ തള്ളിയാൽ ആരോഗ്യ ഇൻഷൂറൻസിനായി മുടക്കിയ പണം അപേക്ഷകന് തിരികെ നൽകും.

Exit mobile version