സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് ചെയ്യാം; വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ

ദുബായ്: യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ സന്ദർശന യാത്രയ്ക്ക് വഴിയൊരുങ്ങുന്നു. ഇന്ത്യ-യുഎഇ ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയർ ബബിൾ സർവ്വീസുകൾ വഴി ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്നാണ് അധികൃതർ അറിയിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്കുള്ള വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇളവ് വരുത്തിയതോടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമെ ഇത് പ്രാബല്യത്തിൽ വരികയുള്ളൂവെന്നും ഏതാനും ദിവസങ്ങൾക്കകം അറിയിപ്പുണ്ടാകുമെന്നും യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ട്വീറ്റ് ചെയ്തു. ഇതിന് ശേഷം മാത്രമെ യാത്രക്കാർ യുഎഇയിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം അറിയിച്ചു.

സന്ദർശക വിസകൾ സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് ഇന്ത്യൻ എംബസിയിൽ ലഭിക്കുന്നതെന്ന് പവൻ കപൂർ മുമ്പ് ഒരു യുഎഇ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സന്ദർശക വിസയിലെത്തി ആളുകൾ പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് ഒഴിവാക്കണം. ജോലി അന്വേഷിക്കുന്നവർ സാഹചര്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം. ഉറപ്പായ ജോലിയുണ്ടെങ്കിൽ പ്രശ്‌നമില്ലെന്നും കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തുന്നതും അംഗീകരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Exit mobile version