കൊവിഡ് 19; സൗദിയില്‍ 24 മണിക്കൂറിനിടെ 41 മരണം, രോഗമുക്തി നേടിയത് അയ്യായിരത്തിലേറെ പേര്‍

റിയാദ്: സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 41 പേര്‍. ഇതോടെ മരണസംഖ്യ 1428 ആയി. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം അയ്യായിരത്തിലേറെ പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ രോഗം ഭേദമായിട്ടുളളതിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. റിയാദില്‍ മാത്രം മൂവായിരത്തിലധികം പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കഴിഞ്ഞ ദിവസം 37,740 പേരില്‍ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ 3400 താഴെ മാത്രമാണ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദമ്മാമിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 333 പേര്‍ക്ക്. റിയാദില്‍ പുതുതായി 241 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

റിയാദില്‍ കഴിഞ്ഞ ദിവസം 17 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ജിദ്ദയില്‍ 11ഉം, മക്കയില്‍ നാല് പേരുമാണ് മരിച്ചത്. അതേസമയം മക്കയില്‍ പുതുതായി 331 പേര്‍ക്കും ഹുഫൂഫിലും ഖത്തീഫിലും 304 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 51,325 ആണ്.

Exit mobile version