കൊവിഡ് 19; വൈറസ് ബാധമൂലം ഗള്‍ഫില്‍ ആറ് മലയാളികള്‍ കൂടി മരിച്ചു

ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ആറ് മലയാളികള്‍ കൂടി മരിച്ചു. സൗദിയില്‍ അഞ്ച് പേരും ദുബായിയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 219 ആയി ഉയര്‍ന്നു.

സൗദിയിലെ ജിദ്ദ, ദമ്മാം, റിയാദ്, ജുബൈല്‍, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലും ദുബായിയിലുമായാണ് ഇന്നലെ വൈറസ് ബാധമൂലം മലയാളികള്‍ മരിച്ചത്. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടര്‍ ഷാജി(55) എന്നയാളാണ് ദമ്മാമില്‍ മരിച്ചത്. ഒരാഴ്ചയായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ വൈറസ് ബാധമൂലം ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീനാണ്(60) ജിദ്ദയില്‍ മരിച്ചത്.അഞ്ചാം തീയ്യതി മുതല്‍ ജിദ്ദ നാഷണല്‍ ആശുപത്രിയില്‍ കൊവിഡിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. പാലക്കാട് പള്ളിപ്പുറം പെഴുങ്കര സ്വദേശി സിടി സുലൈമാന്‍ മരിച്ചത് സൗദിയിലെ അല്‍ ഖര്‍ജില്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. 63 വയസ്സായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാബിര്‍(23) മരിച്ചത് സൗദിയിലെ റിയാദില്‍ വെച്ചാണ്.

പത്തനംതിട്ട മഞ്ഞിനിക്കര സ്വദേശി വടക്കേ തോണ്ടലില്‍ ജോസ് പി മാത്യു മരിച്ചത് സൗദിയിലെ ജുബൈലിലാണ്. 57 വയസ്സായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് നടുവണ്ണൂര്‍ മന്ദങ്കാവില്‍ കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രന്‍ ആണ് ദുബായിയില്‍ മരിച്ചത്. 63 വയസ്സായിരുന്നു.

Exit mobile version