സ്‌കൂൾ അവധിയും പെരുന്നാളും ചാകര; ഗൾഫ് നാടുകളിലേക്കുള്ള യാത്രാനിരക്കിൽ വൻകുതിപ്പ്; പ്രവാസികളുടെ പോക്കറ്റ് കാലിയാക്കി വിമാനക്കമ്പനികൾ

കരിപ്പൂർ: ഈ അവധിക്കാലത്ത് ഗൾഫ് നാടുകളിലേക്കുള്ള വിമാനയാത്രയുടെ
ഡിമാൻഡ് ലക്ഷ്യം വെച്ച് യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികളുടെ കൊള്ള. നാട്ടിലെ സ്‌കൂൾ അവധിയും പെരുന്നാൾ ആഘോഷവും നോട്ടമിട്ടാണ നിരക്കിൽ 50 ശതമാനം മുതൽ മൂന്നിരട്ടി വരെ വർധനവ് വരുത്തിയിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ നാട്ടിൽ വിദ്യാർത്ഥികൾക്ക് അവധിക്കാലം ആരംഭിക്കുകയാണ് എന്നതിനാൽ തന്നെ കുടുംബസമേതം ഗൾഫ് നാടുകളിലേക്ക് പോകുന്നവർ ഏറെയാണ്. കൂടാതെ പെരുന്നാൾ ആഘോഷത്തിനായി പോകുന്നവരും കുറവല്ല. ഈ ഡിമാൻഡ് മുതലെടുത്താണ് യാത്രാനിരക്കിലെ വർധനവ്.

ഏപ്രിൽ 2ന് കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയ്ക്ക് മുകളിലാണ്. അതേദിവസം തിരിച്ചു നാട്ടിലേക്കുള്ള നിരക്ക് 26,000 രൂപയാണ്. ഏപ്രിലിൽ പല ദിവസങ്ങളിലും ശരാശരി 20,000 രൂപയ്ക്ക് ജിദ്ദയിൽനിന്നു കോഴിക്കോട്ട് എത്താനാകും. പെരുന്നാൾ ആഘോഷത്തിനായി നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചുപോകുന്നതു ലക്ഷ്യമിട്ടും നിരക്ക് ഇരട്ടിയാക്കിയിട്ടുണ്ട്.

അതേസമയം, പെരുന്നാളിനു ശേഷം ഏപ്രിൽ 13ന് 10,522 രൂപയാണ് ദുബായിൽനിന്നു കോഴിക്കോട്ടേക്കുള്ള നിരക്ക്. അതേദിവസം കോഴിക്കോട്ടുനിന്നു ദുബായിലേക്കു പോകാനാണെങ്കിൽ 20,828 രൂപ നൽകണം. ഏപ്രിൽ 13, 14 തീയതികളിൽ 11,000 രൂപയ്ക്ക് അബുദാബിയിൽനിന്നു കോഴിക്കോട്ടെത്താം. എന്നാൽ, ഇതേ തീയതികളിൽ 120,828 രൂപ, 25,446 രൂപ എന്നിങ്ങനെയാണ് കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കുള്ള നിരക്ക്.

ALSO READ-ചുറ്റുമതിലിന്റെ പോലും അകലമില്ലാത്ത പള്ളിയും ക്ഷേത്രവും: സഹോദരങ്ങള്‍ക്ക് നോമ്പുതുറയൊരുക്കി ക്ഷേത്ര കമ്മിറ്റിയുടെ മഹാമാതൃക

അതേസമയം, പെരുന്നാളിനു ശേഷം ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധനയുണ്ട്. ഏപ്രിൽ 13, 14 തീയതികളിൽ ദോഹയിലേക്ക് കോഴിക്കോട്ടുനിന്ന് നിരക്ക് ശരാശരി 30,000 രൂപയാണ്. ദോഹയിലേക്കു വർധനയുള്ളത് പെരുന്നാളിന്റെ തൊട്ടു മുൻപുള്ള ദിവസങ്ങളിൽ മാത്രമാണ്. ഈ ദിവസങ്ങളിൽ ദോഹയിൽനിന്നു നാട്ടിലേക്ക് ശരാശരി 11,000 രൂപയാണ്.

മസ്‌കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഏപ്രിലിൽ 8000 രൂപ മുതൽ 12,000 രൂപവരെയാണു നിരക്ക്. തിരികെ യാത്രയ്ക്ക് 19,000 21,000 രൂപ വരെ നൽകണം. പെരുന്നാൾ കഴിഞ്ഞാൽ കോഴിക്കോട്ടുനിന്നു മസ്‌കത്തിലേക്കും ഇതേ വർധനയുണ്ട്. റമസാനിൽ ഉംറ തീർഥാടകർ കൂടുതലാണ്. എന്നാൽ, പലരും നേരത്തേ ടിക്കറ്റ് എടുത്തതിനാൽ നിരക്കുവർധന കാര്യമായി ബാധിച്ചിട്ടില്ല.

Exit mobile version