ശക്തമായ കാറ്റോടു കൂടിയ മഴ ഞാറാഴ്ച രാത്രി വരെ തുടരും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ്

സലാല: അടുത്ത 24 മണിക്കൂറിനുള്ളില്‍ ദോഫാര്‍ അല്‍ വുസ്ത മേഖലയിലേക്ക് അടുക്കുന്ന ന്യൂനമര്‍ദ്ദം കാരണം ശക്തമായ കാറ്റോടു കൂടിയ മഴ ഞാറാഴ്ച രാത്രി വരെ തുടരുമെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ എവിയേഷന്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസും അറിയിച്ചിട്ടുണ്ട്. 30 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. 4 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വാദികള്‍ മുറിച്ച് കടക്കരുതെന്നും കടലില്‍ പോകരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സലാലയിലും പരിസര പ്രദേശത്തും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഏറ്റവും കൂടുതല്‍ മഴ ഇതുവരെ ലഭിച്ചത് സദയിലാണ്. 195 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. അതേസമയം സദയില്‍ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സുല്‍ത്താന്‍ സായുധസേന എത്തിയിട്ടുണ്ട്.

ഐന്‍ അര്‍സാത്തില്‍ വാഹനം ഒഴുക്കില്‍ പെട്ട് രണ്ട് സ്വദേശി യുവാക്കള്‍ മരണപ്പെട്ടു. അപകടത്തില്‍ നിന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. തും റിയത്തിലെ വാദി ദഹബൂനും നിറഞ്ഞൊഴുകയാണ്. ഇവിടെ ഒരു വാഹനത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്.

Exit mobile version