അമ്മയും അച്ഛനും നാട്ടിലേക്ക്; അതേവിമാനത്തിൽ ജീവനറ്റ ശരീരമായി കുഞ്ഞുവൈഷ്ണവും; ഒടുവിൽ ജന്മനാട്ടിൽ അന്ത്യവിശ്രമം

ദുബായ്: ഇന്നലെ ദുബായിയിൽ നിന്നും കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിൽ ജീവനറ്റ ശരീരമായി കുഞ്ഞു വൈഷ്ണവുമുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഇരുന്ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന നാല് വയസുകാരനെ രക്താർബുദത്തിന്റെ രൂപത്തിൽ വിധി കവർന്നെടുക്കുകയായിരുന്നു. വൈഷ്ണവിനെ മരണം തട്ടിയെടുത്തിട്ട് രണ്ടാഴ്ചയോളമായി. രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിനുള്ളിൽ വൈഷ്ണവ് യാത്രയാവുകയായിരുന്നു. രക്താർബുദം ബാധിച്ച് അൽഐനിൽ ചികിത്സയിലായിരുന്ന വൈഷ്ണവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.

മരിച്ച അന്നു മുതൽ കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്താൻ ശ്രമിക്കുകയായിരുന്നു പാലക്കാട് സ്വദേശികളായ വൈഷ്ണവിന്റെ രക്ഷിതാക്കൾ കൃഷ്ണദാസും ദിവ്യയും. യുഎഇയിലെ സാമൂഹ്യ പ്രവർത്തകരുടെയും മറ്റും നിരന്തര ശ്രമഫലമായാണ് കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാനായത്. മംഗലാപുരത്തേയ്ക്കുള്ള വിമാനത്തിൽ കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാൻ അനുമതി നൽകണം എന്ന് കർണാടക സർക്കാരിനോട് സുരേഷ് ഗോപി എംപി അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ പിന്നീട് കൊച്ചിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി കിട്ടിയതോടെ ശനിയാഴ്ചത്തെ ദുബായ്-കൊച്ചി വിമാനത്തിൽ ഇവർ യുഎഇയിൽ നിന്ന് യാത്രയായി. മതാചാര പ്രകാരം മകന് അന്ത്യ കർമ്മങ്ങൾ ചെയ്യണം എന്നത് രക്ഷിതാക്കളുടെ ആഗ്രഹമായിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിച്ച ഓരോരുത്തരോടും ഹൃദയം പൊട്ടുന്ന വേദനയ്‌ക്കൊപ്പം കൃഷ്ണദാസും ഭാര്യ ദിവ്യയും നന്ദി പറയുകയാണ്.

Exit mobile version