പെരുന്നാളിന് നാട്ടിലെത്തുന്ന വല്യുപ്പയെയും കാത്ത് കുഞ്ഞുമക്കള്‍, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാനിരിക്കെ വില്ലനായി കൊറോണ, അഹമ്മദ് ഇബ്രാഹിമിന്റെ വരവും കാത്തിരുന്ന വീട്ടുകാര്‍ക്ക് മുന്നിലേക്കെത്തിയത് അദ്ദേഹത്തിന്റെ മരണവാര്‍ത്ത

കോഴിക്കോട്: ഇനിയൊരു പ്രവാസ ജീവിതമില്ലെന്ന് തീരുമാനിച്ചായിരുന്നു കോഴിക്കോട് സ്വദേശി അഹമ്മദ് ഇബ്രാഹിം കുവൈറ്റില്‍ നിന്നും മടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനിടെ വില്ലനായി എത്തിയ കൊറോണ പുത്തൂര്‍മഠം സ്വദേശി അഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ കവര്‍ന്നെടുത്തു.

പെരുന്നാളിന് നാട്ടിലേക്ക് വരുന്ന അഹമ്മദ് ഇബ്രാഹിമിനെയും കാത്തിരിക്കുകയായിരുന്നു കുടുംബം ഒന്നടങ്കം. വല്യുപ്പ വരുന്നതിന്റെ ആകാംഷയിലായിരുന്നു വീട്ടിലെ കുഞ്ഞുമക്കള്‍. പെരുന്നാളിന് ഒത്തുകൂടാമെന്നും കൈനിറയെ ചോക്ലേറ്റ് തരാമെന്നും വീഡിയോ കോളിലൂടെ അവരോട് വല്യുപ്പ പറഞ്ഞതാണ്.

എന്നാല്‍ പ്രതീക്ഷകളും കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ച് കൊറോണ അഹമ്മദ് ഇബ്രാഹിമിനെ തട്ടിയെടുത്തു. ബന്ധുക്കള്‍ക്ക് ഒരു നോക്കുപോലും കാണാനാകാതെ മണലാരണ്യത്തില്‍ എന്നന്നേക്കുമായി വിടപറഞ്ഞു അഹമ്മദ് ഇബ്രാഹിം.കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിട്ടും വീട്ടുകാരെ വിവരമൊന്നും അറിയിച്ചിരുന്നില്ല.

പനിയാണെന്നായിരുന്നു അവരോട് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ അസുഖം ഭേദമായി അഹമ്മദ് ഉടന്‍ വീട്ടിലേക്കെത്തുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ അദ്ദേഹത്തിന്റെ വരവും കാത്തിരുന്ന വീട്ടുകാര്‍ക്ക് മുന്നിലേക്കെത്തിയത് മരണ വാര്‍ത്തയാണ്. രണ്ട് ഭാര്യമാരാണ് അഹമ്മദ് ഇബ്രാഹിമിനുള്ളത്. ഇവരില്‍ അഞ്ച് മക്കളും. എല്ലാവരും ഒത്തുചേര്‍ന്നൊരു സന്തോഷത്തിന്റെ പെരുന്നാളാണ് കൊറോണ ഒറ്റ നിമിഷംകൊണ്ട് ഇല്ലാതാക്കിയത്.

Exit mobile version