സാമൂഹിക അകലം പാലിച്ച് ഒരു വിമാനത്തിൽ 200 മലയാളികൾ; ഒരാഴ്ച കൊണ്ട് കേരളത്തിലേക്ക് 2650 പ്രവാസികൾ തിരിച്ചെത്തുന്നത് ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗൺ കാരണം വിദേശത്തു നിന്നും നാട്ടിലേക്ക് എത്താനാകാതെ കുടുങ്ങിയ പ്രവാസികൾ മറ്റന്നാൾ മുതൽ തിരിച്ചെത്തി തുടങ്ങും. ആദ്യ ദിനം നാല് വിമാനങ്ങളാണ് എത്തുക. മറ്റന്നാൾ കേരളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യും. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുകയെന്നാണ് വിവരം.

അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്കാണ് എത്തുക. ദുബായ് വിമാനം കോഴിക്കോട്ടേക്കാണ് ആദ്യ ദിവസം എത്തുക. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക.

അതേസമയം, ഇത്തരത്തിൽ ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങൾ സർവീസ് നടത്തും. ഒമ്പത് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്‌കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ ആദ്യ ആഴ്ച എത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.

ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയിൽ 84 വിമാനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയിൽ വിമാന മാർഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമാണ് ഉണ്ടാവുക. അമേരിക്കയിലേക്കും ആദ്യ ഘട്ടത്തിൽ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേത്തിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കും. ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാർ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.

അതേസമയം, ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകൾ വീതമാണ് പുറപ്പെട്ടത്.

Exit mobile version