ഒമാനിലെ പ്രവാസികള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണം; ഇല്ലെങ്കില്‍ കര്‍ശ്ശന നടപടിയെന്ന് ഭരണകൂടം

വിദേശികള്‍ക്ക് സ്വത്ത് കൈവശം വെയ്ക്കുന്നതിന് വിലക്കുള്ള സ്ഥലങ്ങളിലെ ഭൂമിയും കെട്ടിടവും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഹിക മന്ത്രാലയം.

മസ്‌കറ്റ്: വിദേശികള്‍ക്ക് സ്വത്ത് കൈവശം വെയ്ക്കുന്നതിന് വിലക്കുള്ള സ്ഥലങ്ങളിലെ ഭൂമിയും കെട്ടിടവും ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഹിക മന്ത്രാലയം. രണ്ടു വര്‍ഷമാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. സ്വദേശികളല്ലാത്തവര്‍ ചിലയിടങ്ങളില്‍ വസ്തുക്കള്‍ സ്വന്തമാക്കുന്നത് നിരോധിച്ച് ഭരണകൂടം ഉത്തരവും പുറത്തിറക്കിയിരുന്നു.

ഒമാന്റെ അതിര്‍ത്തി പ്രദേശമായ ബുറൈമി, ദാഹിറ, മുസന്ദം, അല്‍ വുസ്ത, സലാല ഒഴികെയുള്ള ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രദേശങ്ങള്‍, ലിവ, ശിനാസ്, മസീറ, ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളിലാണ് സ്വദേശികളല്ലാത്തവര്‍ ഭൂമിയും കെട്ടിടവും കൈവശപ്പെടുത്തുന്നതിന് വിലക്കുള്ളത്. രാജ കൊട്ടാരങ്ങള്‍, സുരക്ഷാ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പര്‍വ്വതങ്ങളും ദ്വീപുകളും നിരോധിത മേഖലകളില്‍ ഉള്‍പ്പെടുന്നു. ഒമാന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും കൃഷിഭൂമി സ്വന്തമാക്കുന്നതിനുള്ള വിലക്ക് ബാധകമാണ്.

2020 നവംബര്‍ വരെയാണ് വസ്തു കൈമാറ്റത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ അധിക സമയം മന്ത്രാലയത്തിന്റെ വിവേചനാധികാരത്തില്‍ ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതിനുള്ളില്‍ ക്രയവിക്രയ നടപടികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഗാര്‍ഹിക മന്ത്രാലയത്തിന്റെ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും.

ക്രയവിക്രയങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും 1000 റിയാല്‍ മുതല്‍ 3000 റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കാന്‍ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. ക്രമക്കേട് നടത്തിയും വ്യാജ രേഖകള്‍ ചമച്ചും നിയമം ലംഘിച്ച് വസ്തുക്കള്‍ സൂക്ഷിച്ചാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവും രണ്ടായിരം റിയാല്‍ മുതല്‍ അയ്യായിരം റിയാല്‍ വരെ പിഴയും ശിക്ഷയായി ലഭിക്കും.

Exit mobile version