കുവൈത്തില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 109 ഇന്ത്യക്കാര്‍ക്ക് കൂടി കൊവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. 59 വയസ്സുള്ള ഇന്ത്യക്കാരനാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ആയി ഉയര്‍ന്നു. കുവൈത്തില്‍ ഇന്ന് നാല് പേരാണ് മരിച്ചത്.

59 വയസ്സുള്ള ഇന്ത്യക്കാരന്‍, 64 കാരനായ ബംഗ്ലാദേശി, 45കാരനായ ഈജിപ്ത് പൗരന്‍, 74കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തൊന്‍പത് ആയി.

ഇന്ന് 278 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 2892 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി.

പുതിയ രോഗികളില്‍ 252 പേര്‍ക്കു സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 13 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 13 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതെസമയം ചികിത്സയിലുണ്ടായിരുന്നവരില്‍ 43 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 656 ആയി. നിലവില്‍ 2217 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 58 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Exit mobile version