കൊവിഡ് 19; സൗദിയില്‍ വൈറസ് ബാധമൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദി അറേബ്യയില്‍ അഞ്ച് ഇന്ത്യക്കാര്‍ കൂടി മരിച്ചു. ഇതോടെ വൈറസ് ബാധമൂലം മരിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തായി. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ബാക്കി അഞ്ച് പേരുടെ കൂടി മരണ വിവരം പുറത്തുവന്നത്.

സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരിച്ചവരുടെ പൂര്‍ണ വിവരം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരള (രണ്ട്), മഹാരാഷ്ട്ര (മൂന്ന്), യുപി (മൂന്ന്), തെലങ്കാന (രണ്ട്) എന്നിങ്ങനെയാണ് വൈറസ് ബാധമൂലം സൗദിയില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്കുകള്‍.
മഹാരാഷ്ട്ര സ്വദേശികളായ ബര്‍ക്കത്ത് അലി അബ്ദുല്ലത്തീഫ് ഫഖിര്‍ (67), തൗസിഫ് ബല്‍ബാലെ (40) എന്നിവര്‍ മദീനയിലും ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഫഖ്രി ആലം (52), മുഹമ്മദ് അസ്ലം ഖാന്‍ (51) എന്നിവര്‍ മക്കയിലും തെലങ്കാന സ്വദേശി മുഹമ്മദ് സാദിഖ് (54) ജിദ്ദയിലുമാണ് മരിച്ചത്.

സൗദിയില്‍ പുതുതായി 1088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലേറെയും വിദേശികളാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9362 ആയി. 97 പേരാണ് വൈറസ് ബാധമൂലം ഇതുവരെ സൗദിയില്‍ മരിച്ചത്.
നിലവില്‍ 7867 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 93 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 1398 ആയി.

Exit mobile version