കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 26 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 55 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 79 വയസ്സുള്ള കുവൈത്തി വനിതയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പുതുതായി 55 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1355 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 753 ആയി വര്‍ധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച 26 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 34 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. 3 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് നിന്ന് മടങ്ങിയെത്തിയ 3 കുവൈത്ത് പൗരന്മാര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

അതെസമയം 26 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ രാജ്യത്തു കോവിഡ് രോഗം ഭേദമായവരുടെ എണ്ണം 176 ആയി ഉയര്‍ന്നു. 1176 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 26 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അസ്സ്വബാഹ് അറിയിച്ചു.

Exit mobile version