പൗരന്മാർക്കും പ്രവാസികൾക്കും ലോകത്തെ തന്നെ മികച്ച ചികിത്സ നൽകുമെന്ന് യുഎഇ; ആശ്വാസം പകർന്ന് ആരോഗ്യവകുപ്പ്; ഇതുവരെ രോഗമുക്തരായത് 588 പേർ

ദുബായ്: കൊറോണയോട് പൊരുതുന്ന യുഎഇയ്ക്ക് ആശ്വാസം പകർന്ന് പുതിയ റിപ്പോർട്ട്. കൊറോണ രോഗത്തെ ഫലപ്രദമായാണ് യുഎഇ ചെറുക്കുന്നതെന്ന് വ്യക്തമാക്കി രോഗമുക്തരായവരുടെ വിവരങ്ങൾ പുറത്ത്. ഏപ്രിൽ 11വരെയുള്ള കണക്ക് അനുസരിച്ച് 588 കൊവിഡ് രോഗികളാണ് രോഗമുക്തരായി ആശുപത്രി വിട്ടതെന്ന് യുഎഇ അറിയിച്ചു.

അതേസമയം, 20,000ലധികം പേരിൽ നടത്തിയ കൊറോണ പരിശോധനയിൽ 376 പേർക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് വക്താവ് ഡോ.ഫരിദ അൽ ഹൊസാനി അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ടെന്നും ഇതോടൊപ്പം 170 പേർക്ക് കൂടി രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് വക്താവ് ചൂണ്ടിക്കാണിച്ചു.

യുഎഇയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് 19 രോഗികളിൽ ഭൂരിപക്ഷത്തിനും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. കൊറോണ രോഗത്തെ പ്രതിരോധിക്കാൻ രോഗികൾക്ക് സാധ്യമായ രീതിയിലുള്ള ചികിത്സ ഒരുക്കുന്നുണ്ടെന്നും ആന്റി വൈറൽ മരുന്നുകളും രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയുമാണ് ഇപ്പോൾ നടത്തുന്നതെന്നും ഡോ. ഫരിദ പ്രതികരിച്ചു. കൊറോണ വൈറസിനെതിരെ പൊരുതാനുപയോഗിക്കുന്ന അത്യാധുനിക ചികിത്സാരീതികളെ സംബന്ധിച്ച് യുഎഇയിലെ വിദഗ്ധർ നിരീക്ഷണങ്ങൾ തുടരുകയാണ്.

ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്നും ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട് ഇതിന്റെ ഗുണഫലങ്ങളെ കുറിച്ചും പഠനം തുടരുകയാണ്. പ്ലാസ്മാ തെറാപ്പി പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് നടത്തി വരുന്നത്. ഇതിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ചുള്ള പഠനങ്ങൾ നടക്കുന്നുണ്ട്.

കൊറോണ പ്രതിരോധത്തിന് ലോകത്ത് തന്നെ ലഭ്യമായിട്ടുള്ള ഏറ്റവും ഒടുവിലത്തെ പഠനങ്ങളും ചികിത്സാരീതികളും യുഎഇ പരിശോധിച്ചുവരികയാണ്. ഫലപ്രദമാണെന്ന് വ്യക്തമായാൽ അവ പിന്തുടരാൻ യുഎഇ താമസില്ലെന്നും എത്രയും പെട്ടെന്ന് തന്നെ പൗരന്മാർക്കും താമസക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു.

കടുത്തപനിയോ ശ്വാസതടസം പോലുള്ള രോഗലക്ഷണങ്ങളോ ഉള്ളവർ ടെസ്റ്റിങ് കേന്ദ്രങ്ങളിലേക്ക് എത്തണമെന്നും അധികൃതർ അറിയിച്ചു. രോഗം ഭേദമായവർ പ്ലാസ്മാ തെറാപ്പിക്കായി രക്തം ദാനം ചെയ്യുന്നുമുണ്ട്.

Exit mobile version