സൗദി രാജകുടുംബത്തിൽ കൊവിഡ് പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 150 രാജകുടുംബാംഗങ്ങൾ എന്ന് സൂചന

റിയാദ്: കൊവിഡ് രോഗം സൗദി രാജകുടുംബത്തിലും വ്യാപകമായി പടരുന്നതായി സൂചന. ഇതുവരെ സൗദി രാജകുടുംബത്തിലെ 150ഓളം അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്നാണ് വാർത്തയിൽ പറയുന്നത്. റിയാദ് ഗവർണറായ രാജകുമാരൻ ഫൈസൽ ബിൻ ബന്തർ ബിൻ അബ്ദുൾ അസീസ് അലി നിലവിൽ കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

രാജകുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സൗദി രാജാവ് സൽമാനും രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും ഐസൊലേഷനിൽ കഴിയുകയാണ്. ജിദ്ദയിലെ ഒരു ഒരു കൊട്ടാരത്തിലാണ് സൗദി രാജാവ് മാറി താമസിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കൊവിഡ് രൂക്ഷമായ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് രാജ കുടുംബാംഗങ്ങൾക്ക് കൊവിഡ് പിടിപെട്ടതെന്നാണ് സൂചന. യൂറോപ്പിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നവരാണ് സൗദി രാജകുടുംബാംഗങ്ങൾ. അതേസമയം, രാജകുടുംബത്തിൽ രോഗികളുടെ എണ്ണം കൂടാനിടയുള്ള സാഹചര്യത്തിൽ 500 ബെഡുകളാണ് സൗദി രാജകുടുംബാംഗങ്ങൾക്ക് മാത്രമായുള്ള പ്രത്യേക ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നതെന്നും സൂചനയുണ്ട്.

അതേസമയം, സൗദി അറേബ്യയിൽ വരും ആഴ്ചകളിൽ 2 ലക്ഷം പേർക്ക് കൊവിഡ് പിടിപെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. അടുത്ത കുറച്ച് ആഴ്ചക്കുള്ളിൽ 10000 മുതൽ 200000 വരെ കൊവിഡ് വ്യാപനത്തിൽ വർധനവുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫിക് അൽ റാബിയ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.

Exit mobile version