കൊവിഡ് 19; വൈറസ് ബാധമൂലം യുഎഇയില്‍ രണ്ട് പ്രവാസികള്‍ മരിച്ചു

അബുദാബി: കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ രണ്ട് പ്രവാസികള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ഏഷ്യക്കാരനും അറബ് പൗരനുമാണ് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ഇരുവര്‍ക്കും നേരത്തെ തന്നെ മറ്റ് ഗുരുതര രോഗങ്ങളുണ്ടായിരുന്നെന്നും വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ അറിയിച്ചത്. കൊവിഡ് 19 വൈറസ് ബാധമൂലം ഇതുവരെ 14 പേരാണ് യുഎഇയില്‍ മരിച്ചത്.

ഇന്നലെ മാത്രം 331 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2990 ആയി. പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണെന്നുമാണ് അധികൃതര്‍ അറിയിച്ചത്.

അതേസമയം വൈറസിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ ഏകീകൃത തൊഴില്‍കരാറും അധികൃതര്‍ പുറത്തിറക്കി. തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി, വേതനമില്ലാതെ മുന്‍കൂട്ടി അവധി നല്‍കുക, താല്‍ക്കാലികമായി വേതനം വെട്ടിക്കുറയ്ക്കുക തുടങ്ങിയ ഏതെങ്കിലും ഒന്ന് സ്വീകരിക്കാനാണ് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവസരം നല്‍കിയിരിക്കുന്നത്.

Exit mobile version