കൊറോണയില്‍ വിറങ്ങലിച്ച് കുവൈറ്റ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 75 പേര്‍ക്ക്, 42 പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 75 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 417 ആയി ഉയര്‍ന്നു. ഇന്ത്യന്‍ പ്രവാസികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 42 ഇന്ത്യക്കാര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 115 ആയി ഉയര്‍ന്നു.

42 ഇന്ത്യക്കാര്‍, 11 കുവൈറ്റ് പൗരന്മാര്‍, 10 ബംഗ്ലാദേശ് പൗരന്മാര്‍, 8 ഈജിപ്ത് പൗരന്മാര്‍ ഒരു നേപ്പാള്‍ പൗരന്‍, ഒരു ഇറാഖി, ഒരു ഫിലിപ്പിനോ എന്നിങ്ങനെയാണ് പുതിയ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇതില്‍ 6 കുവൈറ്റ് പൗരന്മാരും ഒരു ഇറാഖ് പൗരനും വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്.

26 ഇന്ത്യക്കാര്‍, 4 കുവൈറ്റികള്‍, 3 ബംഗ്ലാദേശികള്‍, മൂന്നു ഈജിപ്തുകാര്‍ എന്നിവര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. 16 ഇന്ത്യക്കാര്‍, 7 ബംഗ്ലാദേശികള്‍, 5 ഈജിപ്തുകാര്‍, രണ്ടു കുവൈത്തികള്‍, ഒരു ഫിലിപ്പിനോ, ഒരു നേപ്പാളി എന്നിവര്‍ക്കു രോഗം പകര്‍ന്നത് എങ്ങിനെയാണെന്ന് വ്യക്തമല്ല.

നിലവില്‍ 335 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പതിനാറു പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ചികിത്സയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കൂടി രോഗമുക്തനായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82 ആയി. 911 പേര് നിരീക്ഷണഘട്ടം പിന്നിട്ട് വീടുകളിലേക്ക് മടങ്ങിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Exit mobile version