കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 28 പേര്‍ക്ക്; 20 പേര്‍ ഇന്ത്യന്‍ പ്രവാസികള്‍, രണ്ടുപേര്‍ അടുത്തിടെ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയവര്‍

കുവൈറ്റ് സിറ്റി; കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. ബുധനാഴ്ച 28 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 317 ആയി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ ഇന്ത്യന്‍ പ്രവാസികളാണ്.

അടുത്തിടെ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍. ഇവര്‍ക്ക് രോഗം പകര്‍ന്നത് എവിടെനിന്നാണെന്നു വ്യക്തമായിട്ടില്ല. മറ്റുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

ബിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ കുവൈറ്റ് പൗരനും, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു ബംഗ്ലാദേശ് പൗരന്മാര്‍ക്കും ഒരു നേപ്പാള്‍ പൗരനുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 237 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 14 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം ബുധനാഴ്ച ഏഴു പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 80 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.

Exit mobile version