ശബരിമല വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ ഏറെയും യുഎഇ പ്രവാസികളുടേത്; ആയിരത്തോളം പേര്‍ നിരീക്ഷണത്തില്‍; നാട്ടിലെത്തിച്ച് നിയമനടപടി

പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം പോലീസ് ഫേസ്ബുക്ക് അധികൃതര്‍ക്ക് അയച്ചുകൊടുക്കും.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ സംസ്ഥാനത്തും സന്നിധാനത്തും അക്രമ സംഭവങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ കൂടുതലും യുഎഇയില്‍നിന്നാണെന്ന് കണ്ടെത്തി. ഹൈടെക്, സൈബര്‍ സെല്ലുകള്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നിരവധി വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ച് വിദ്വേഷം പടര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ശബരിമല വിഷയത്തിന് ഊര്‍ജം പകരുന്ന നിലയിലുള്ള പേരുകളാണ് ഇത്തരം ഗ്രൂപ്പുകള്‍ക്ക് നല്‍കിയതെന്നും കണ്ടെത്തി.

ഇത്തരത്തിലെ പോസ്റ്റുകളിട്ട ആയിരത്തോളം പേരുടെ പ്രൊഫൈലുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. പൊതുജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്ന പോസ്റ്റുകളെക്കുറിച്ചും അന്വേഷണം നടത്തുന്നു. വിദേശത്തുനിന്ന് പോസ്റ്റുകളിട്ടാല്‍ കേസുണ്ടാകില്ലെന്ന വിലയിരുത്തലിലാകാം ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസ് വിലയിരുത്തല്‍.

ഇത്തരം ഗ്രൂപ്പുകളിലെ മിക്ക പ്രൊഫൈലുകളും വ്യാജപേരിലുള്ളതാണ്. പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരുടെ പട്ടിക തയാറാക്കിയശേഷം പോലീസ് ഫേസ്ബുക്ക് അധികൃതര്‍ക്ക് അയച്ചുകൊടുക്കും. അതിനുശേഷം ഇവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെ ഭരണകൂടവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനുള്ള നീക്കവും നടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Exit mobile version