അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; ഗള്‍ഫ് മേഖലയിലും തിരക്കിട്ട സൈനിക നീക്കങ്ങള്‍

കുവൈറ്റിലേക്ക് സൈനിക ട്രൂപ്പുകളെ അയക്കാന്‍ അമേരിക്ക ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു

യുഎഇ: ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ വധിച്ച അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിക നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കുവൈറ്റിലേക്ക് സൈനിക ട്രൂപ്പുകളെ അയക്കാന്‍ അമേരിക്ക ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

3000 സൈനിക ട്രൂപ്പുകളെ അയക്കാനാണ് അമേരിക്ക ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍, യുദ്ധത്തിലേക്ക് കാര്യങ്ങളെ വലിച്ചിഴക്കരുത് എന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഊഹിക്കാന്‍ പോലും കഴിയാത്ത നഷ്ടങ്ങളായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

വിവേക പൂര്‍വമായിരിക്കണം നിലപാടുകളെന്ന് യുഎഇയും ആവശ്യപ്പെട്ടിട്ടുണ്ട്. ഖസം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കണമെന്ന് വ്യക്തമാക്കി ഇറാനില്‍ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുകയാണ്. ഇറാന്‍ ഒരു യുദ്ധവും ജയിച്ചിട്ടില്ല, ചര്‍ച്ചകള്‍ നഷ്ടപ്പെടുത്തിയിട്ടുമില്ല എന്ന പ്രകോപനപരമായ ട്വീറ്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version