പരീക്ഷാ പേടിയെ തുടർന്ന് മലയാളി വിദ്യാർത്ഥിയെ ഷാർജയിൽ കാണാതായി; പ്രാർത്ഥനയോടെ കുടുംബം; വ്യാജപ്രചരണം നടത്തി സോഷ്യൽമീഡിയ

ഷാർജ: വെള്ളിയാഴ്ച ഷാർജയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിക്ക് വേണ്ടി പ്രാർത്ഥനയോടെ കുടുംബം കാത്തിരിക്കുന്നു. അബു ഷഗാറയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി സന്തോഷ് രാജൻ – ബിന്ദു സന്തോഷ് ദമ്പതികളുടെ മകൻ അമേയ സന്തോഷി (15) നെയാണ് കാണാതായത്. ഷാർജ പോലീസ് കുട്ടിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം തെരച്ചിൽ തുടരുകയാണ.് ഇതിനിടെ, കുട്ടിയെ കണ്ടെത്തിയെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നത് കുടുംബത്തിന് വേദനയുണ്ടാക്കുകയാണ്. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. ഷാർജ ഡിപിഎസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമേയ. കുട്ടിയെ കാണാതായ സംഭവത്തിന് പിന്നിൽ പരീക്ഷപ്പേടിയാണെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്.

അതേസമയം, കുട്ടിയെ കണ്ടെത്തിയെന്ന മട്ടിൽ പ്രചരിക്കുന്ന വ്യാജ വാർത്ത വിശ്വസിച്ച് വിവരം അറിയാൻ വിളിക്കുന്നവരുടെ കോളുകൾ കാരണം ബുദ്ധിമുട്ടുണ്ടാകുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടു. കുട്ടിക്ക് പരീക്ഷയുടെ പേരിൽ സമ്മർദ്ദം നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ കുട്ടിയെ ട്യൂഷൻ സെന്ററിനടുത്ത് ഇറക്കിവിട്ടതാണ്. എന്നാൽ, കുട്ടി സെന്ററിലേക്ക് പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ല. കുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന് അധ്യാപകരും പറഞ്ഞു. കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് പിതാവ് സന്തോഷ് രാജൻ പറയുന്നു. കുട്ടിയുടെ കയ്യിൽ മൊബൈൽ ഉണ്ടെങ്കിലും അത് ഓഫാണ്. ഇതുവരെ മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ ബന്ധപ്പെട്ടിട്ടില്ല. കാണാതാകുമ്പോൾ പച്ച ടീ ഷേർട്ടും നീല ത്രീ ഫോർത് പാന്റ്സുമാണ് വേഷം. കറുത്ത ബാക്ക് പാക്ക് ബാഗുമുണ്ടായിരുന്നു. കയ്യിൽ കറുത്ത ചരടുണ്ട്. അമേയ പൊതുവെ അധിമാരോടും സംസാരിക്കുന്ന പ്രകൃതമല്ലെന്ന് സുഹൃത്ത് പറയുന്നു. അപരിചിതരിൽനിന്നും സഹായം ചോദിക്കാറുമില്ല. അമേയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിക്കുകയാണ്.

Exit mobile version