ദുബായ് കെഎംസിസി യോഗത്തിൽ തമ്മിൽ തല്ലി അംഗങ്ങളും നേതാക്കളും

ദുബായ് കെഎംസിസി യോഗത്തിൽ തമ്മിൽ തല്ലി അംഗങ്ങളും നേതാക്കളും; കൂട്ടത്തല്ല് ഇത് മൂന്നാം തവണ

ദുബായ്: മുസ്ലിം ലീഗിന്റെ പ്രവാസി സംഘടന കെഎംസിസി യോഗത്തിൽ തമ്മിൽ തല്ലി അംഗങ്ങളും നേതാക്കളും. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റി അംഗങ്ങളിൽ ചിലരെ നേതൃത്വം അവഗണിക്കുന്നെന്ന് ആരോപിച്ചാണ് കൂട്ടത്തല്ലും കയ്യേറ്റവുമുണ്ടായത്.

ആറുമാസത്തോളമായി ഉടലെടുത്ത വിഭാഗീയതയാണ് സംഘർഷത്തിലേക്കെത്തിയതെന്നാണ് റിപ്പോർട്ട്. ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് കൂട്ടത്തല്ലുണ്ടായതെന്ന് വീഡിയോ സഹിതം മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരലി ശിഹാബ് തങ്ങൾ ഫെബ്രുവരിയിലാണ് ദുബായ് കെഎംസിസി പ്രസിഡണ്ടായി ഇബ്രാഹിം എളയേറ്റിലിനെയും സെക്രട്ടറിയായി മുസ്തഫ വേങ്ങരയെയും ചുമതലപ്പെടുത്തിയത്.

ഈ നടപടി ഏകപക്ഷീയമായുണ്ടായതാണെന്ന് ആരോപിച്ച് തീരുമാനത്തിനെതിരെ തുടക്കംമുതൽ തന്നെ വിമത ശബ്ദങ്ങൾ ഉയർന്നിരുന്നു. ഇതോടെ ഈ എതിർശബ്ദങ്ങളെ ശമിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. എന്നാൽ പല ഘട്ടങ്ങളിലും അഭിപ്രായ ഭിന്നത രൂക്ഷമായ സംഘർഷങ്ങൾക്ക് കാരണമാവുകയാണ് ഉണ്ടായത്.

ചിലരെ നേതൃത്വം മനഃപൂർവ്വം അവഗണിക്കുന്നെന്നാണ് ഉയരുന്ന ആക്ഷേപം. കെഎംസിസിയുടെ ആസ്ഥാനത്തായിരുന്നു കൈയ്യേറ്റസംഭവങ്ങൾ അരങ്ങേറിയത്. ഇത് മൂന്നാം തവണയാണ് സമാന വിഷയത്തിൽ യോഗം അലങ്കോലപ്പെടുന്നത്.

Exit mobile version