ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ കനയ്യ കുമാറിനോട് വലിയ ആരാധന; പ്രശംസിച്ച് ദിഗ്‌വിജയ് സിങ്

തനിക്കുവേണ്ടി മെയ് 8,9 തീയ്യതികളില്‍ കനയ്യകുമാര്‍ പ്രചാരണത്തിനിറങ്ങുമെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി

പട്‌നാ: ബേഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവുമായ കനയ്യകുമാറിനെ പ്രശംസിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ദിഗ്‌വിജയ് സിങ്. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ മുതല്‍ തനിക്ക് കനയ്യ കുമാറിനോട് വലിയ ആരാധനയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതോടൊപ്പം തനിക്കുവേണ്ടി മെയ് 8,9 തീയ്യതികളില്‍ കനയ്യകുമാര്‍ പ്രചാരണത്തിനിറങ്ങുമെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. പ്രജ്ഞാ സിങ് ഠാക്കൂറാണ് ഭോപ്പാലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കനയ്യകുമാര്‍ പ്രചാരണത്തിനായി എത്തുന്നതോടെ കൂടുതല്‍ യുവാക്കളുടെ വോട്ടുകള്‍ ലഭിക്കുമെന്നാണ് ദിഗ്‌വിജയ് സിങിന്റെ പ്രതീക്ഷ.

കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്, ആര്‍ജെഡി നേതാവ് തന്‍വീര്‍ സിങ് എന്നിവരാണ് ബേഗുസരായില്‍ കനയ്യയുടെ എതിരാളികള്‍. അതേസമയം കനയ്യകുമാറിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ആര്‍ജെഡിയുടെ നടപടി അബദ്ധമാണെന്ന് അവരോടു പറഞ്ഞിരുന്നെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി.

Exit mobile version